
യു പി മീററ്റില്‍ കെട്ടിടം തകര്‍ന്നുവീണ് 10 പേര് മരിച്ചു. കുടുങ്ങി കിടന്ന നിരവധി പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിനടിയില്‍ ഇനിയും നിരവധി പേര് കുടുങ്ങി കിടക്കുന്നതായിയാണ് വിവരം. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ശനിയാഴ്ച്ച വൈകിട്ടോടയാണ് മിററ്റിലെ ലോഹിയ നഗറില്‍ മൂന്ന് നിലകെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്.
ഒന്നര വയസ്സുള്ള സിമ്ര, ആലിയ (6), റീസ (7), സാഖിബ് (11), സാനിയ (15) എന്നിവരുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് ജില്ലാ ഭരണകൂടം പ്രസ്താവനയില്‍ പറഞ്ഞു. സാജിദ് (40), നാഫോ (63), ഫര്‍ഹാന (20), അലിസ (18) എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍ പരുക്കേറ്റവര്‍ ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
എന്‍ഡിആര്‍എഫ്, അഗ്നിശമന സേന, പൊലീസ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്






