
ജീവിതത്തില്‍ പ്രണയം തോന്നാത്തതായി ആരും ഇല്ല. വണ്‍ സൈഡ് പ്രേമം ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇതിന് പൊതുവെ ക്രഷ് അടിക്കുക എന്നാണ് നാം പറയാറ്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി രസകരമായ വാര്‍ത്തകളും വീഡിയോകളുമൊക്കെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും വിചിത്രമായ ഒരു സംഭവമാണ് അങ്ങ് ഗ്രീസില്‍ കഴിഞ്ഞ ദിവസം നടന്നത്. സംഭവം അറിഞ്ഞ് പലരും ആശ്ചര്യപ്പെട്ടെന്ന് തന്നെ പറയാം.
അഗ്നിശമന സേനാംഗങ്ങളോട് ക്രഷ് അടിച്ച ഒരു സ്ത്രീ അവരെ കാണുന്നതിനും അവരുമായി ശൃംഗരിക്കുന്നതിനും സ്വന്തം കൃഷിയിടത്തിലല് രണ്ടു തവണ തീയിട്ട വാര്‍ത്തയാണിത്. ഗ്രീസിലാണ് സംഭവം. ഗ്രീക്ക് മാധ്യമങ്ങള്‍ പറയുന്നതിനനുസരിച്ച് ഓഗസ്റ്റ് 24, 25 തീയതികളില്‍ കെരാസിറ്റ്സയിലെ കൃഷിയിടത്തിലാണ് 44 കാരിയായ യുവതി തീയിട്ടത്. അഗ്നിശമന സേനാംഗങ്ങളെ കാണുന്നതിനും അവരുമായി അടുത്തിടപഴകുന്നതിനും വേണ്ടിയാണ് സ്ത്രീ ഇത് ചെയ്തതെന്ന് ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഗ്നിശമന സേനയെത്തിയ രണ്ട് സ്ഥലങ്ങളിലും യുവതിയെ കണ്ടതിനെ തുടര്‍ന്നാണ് സംശയം ഉണ്ടായത്. പിന്നീട് യുവതി മനഃപൂര്‍വ്വം ഉണ്ടാക്കിയ തീപിടുത്തമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പെട്ടെന്നുള്ള നടപടിയെ തുടര്‍ന്ന് തീപിടുത്തം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നില്ല. യുവതിയുടെ ഉദ്ദേശ്യം പോലീസിന് വ്യക്തമായതോടെ പോലീസ് അവരെ അറസ്റ്റ് ചെയ്തു. 36 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട യുവതി 1,000 യൂറോ പിഴ അടയ്ക്കുകയും വേണം.






