
വളരെ ചെറിയ പൈസയ്ക്ക് വിൽക്കാൻ വച്ചിരിക്കുന്ന ഒരു വീടാണ് ഇപ്പോൾ വാർത്തയാവുന്നത്. വെയിൽസിലെ ന്യൂ ട്രെഡെഗറിൽ സ്ഥിതി ചെയ്യുന്ന വീടിന് അടിസ്ഥാനവിലയായി കണക്കാക്കിയിരിക്കുന്നത് പൂജ്യം പൗണ്ടാണ്. അതായത്, പ്രോപ്പർട്ടി സാങ്കേതികമായി 100 രൂപയ്ക്കോ 1,000 രൂപയ്ക്കോ വാങ്ങാൻ ശ്രമിക്കാം എന്നർത്ഥം.
വീട് ലേലം ചെയ്യുന്നത് പോൾ ഫോഷാണ് . രണ്ട് നിലകളായിട്ടുള്ളതാണ് വീട്. ചുറ്റുമുള്ള താഴ്വരകളിൽ മനോഹരമായ കാഴ്ചകളും വീട്ടിലിരുന്നാൽ കാണാം. അങ്ങനെയുള്ള ഒരു സുന്ദരഗ്രാമത്തിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും, അടുത്ത് തന്നെ വിവിധ ഷോപ്പുകളും മറ്റ് സൗകര്യങ്ങളും ഉണ്ട്. ബസുകളും ട്രെയിനുകളും അടക്കം പൊതുഗതാഗത സൗകര്യങ്ങളും ഇവിടേക്കുണ്ട്. ബന്നൗ ബ്രൈചെനിയോഗ് നാഷണൽ പാർക്കിന്റെ അടുത്തായിട്ടാണ് ഈ വീട് നിൽക്കുന്നത്.
എന്നാല്‍ ഇത്രയൊക്കെയായിട്ടും എന്തുകൊണ്ടാണ് ഈ വീടിന് ഇത്ര കുറഞ്ഞ തുക അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ ഈ വീട്ടിൽ വലിയൊരു അഗ്നിബാധയുണ്ടായിട്ടുണ്ട്. അതിനാൽ തന്നെ അത് ഏറെക്കുറെ പൂർണമായും നശിച്ച അവസ്ഥയിലാണ്. പ്രത്യേകിച്ചും ഇതിന്റെ ഇന്റീരിയർ. ഇത് ആര് വാങ്ങിയാലും അത് നവീകരിച്ചെടുക്കുന്നതിന് തന്നെ വലിയ ഒരു തുക ചെലവാക്കേണ്ടി വരും. അതിനാലാണ് ഇവയുടെ തുക ഇത്രയും കുറഞ്ഞത്.






