
മലപ്പുറം: ഇടതുമുന്നണിയുമായി ബന്ധം വിച്ഛേദിച്ച പിവി അൻവർ എംഎൽഎയെ അനുകൂലിച്ചു നിലമ്പൂരിൽ ഐഎൻടിയുസിയുടെ ഫ്ലക്സ് ബോർഡ്. മുഖ്യമന്ത്രിക്കെതിരെ അൻവർ നടത്തുന്ന പോരാട്ടത്തിൽ പങ്കുചേരുമെന്നാണ് ഐഎൻടിയുസിയുടെ ഫ്ലക്സിലുള്ളത്. അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി വേണ്ടതെന്നും എഡിജിപി -ആർഎസ്എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയണമെന്നും ബോർഡിലുണ്ട്. സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണമെന്നും ഫ്ലക്സ് ബോർഡിലുണ്ട്. ഐഎൻടിയുസി നിലമ്പൂർ മണ്ഡലം കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.
എൽഡിഎഫ് വിട്ട പിവി അൻവറിന് രാഷ്ട്രീയ അഭയം നൽകുന്നതിൽ കരുതലോടെ തീരുമാനമെടുക്കാനാണ് യുഡിഎഫ് തീരുമാനം. അൻവറിന്റെ് ആരോപണങ്ങൾ ആയുധമാക്കി മുഖ്യമന്ത്രിയുടെ രാജിക്കായി യുഡിഎഫ് സമരം ശക്തമാക്കും. അൻവർ തുറന്നിട്ടത് സുവർണ്ണാവസരമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. നിയമസഭാസമ്മേളനം നാലിന് തുടങ്ങാനിരിക്കെ യുഡിഎഫിന് അടിച്ചത് ബമ്പർ ലോട്ടറിയാണ്. കാലങ്ങളായി യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങളാണ് പതിന്മടങ്ങ് ശക്തിയിൽ അൻവർ ഉയർത്തുന്നത്. അൻവറിനെ ഉടൻ സ്വീകരിക്കുന്നതിന് പകരം തുടർ നടപടി നോക്കി തീരുമാനമെടുക്കാനാണ് മുന്നണിയുടെ തീരുമാനം. രാഷ്ട്രീയസാഹചര്യം അനുകൂലമെന്ന് വിലയിരുത്തുമ്പോഴും അൻവറിന് അഭയം നൽകുന്നതിലാണ് യുഡിഎഫിൽ പല നിലപാടുകളാണ്.
അതേസമയം വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയിരിക്കുന്ന അൻവറിന്റെ നിലപാടുകൾക്കെതിരെ പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻ പേരും രംഗത്തിറങ്ങണം എന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഡല്ഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗോവിന്ദൻ മാസ്റ്റർ പി വി അൻവറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും തുടർന്ന് ഇടതുപക്ഷത്തിന്റെ സഹയാത്രികനായി മാറുകയും സി.പി.ഐ (എം)-ന്റെ പാർലമെന്ററി പാർട്ടി അംഗമായും പ്രവർത്തിച്ചു എന്നതാണ് സി.പി.ഐ (എം) രാഷ്ട്രീയവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. അതുകൊണ്ട് തന്നെ പാർടിയുടെ പ്രവർത്തനത്തെ കുറിച്ചോ, അതിന്റെ സംഘടനാപരമായ രീതിയെ കുറിച്ചോ, പാർടി നയങ്ങളെ കുറിച്ചോ, വ്യക്തമായ ധാരണ അദ്ദേഹത്തിന് ഇല്ല എന്നതാണ്.അതുകൊണ്ടാണ് തൊട്ടതെല്ലാം പിഴക്കുന്ന രീതി അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് പാർടിക്കെതിരായും വിമർശനം ഉന്നയിക്കുമ്പോൾ സംഭവിക്കുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
