
തൃശൂര്‍/സേലം: രണ്ടു മണിക്കൂറിനുള്ളില്‍ തൃശൂരിലെ മൂന്നിടങ്ങളില്‍ എ.ടി.എം കവര്‍ച്ച നടത്തിയശേഷം രക്ഷപ്പെട്ട ഉത്തരേന്ത്യന്‍ സംഘത്തെ തമിഴ്നാട് പോലീസ് സാഹസികമായി പിടികൂടി. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു. കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്കു കുത്തേറ്റു. മാപ്രാണം, കോലഴി, തൃശൂര്‍ നഗരത്തിലെ ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണു കവര്‍ച്ച നടന്നത്.
മൂന്നിടങ്ങളില്‍നിന്നായി 65 ലക്ഷം രൂപ നഷ്ടമായി. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടിനും നാലിനും മധ്യേയാണു സംഭവം. കാറിലെത്തിയ ഹരിയാന സംഘം ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് എ.ടി.എം. തകര്‍ത്ത് പണം കവരുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനം വിട്ട പ്രതികള്‍ നാമക്കല്ലിലെ കുമാരപാളയത്തു വച്ചാണു പിടിയിലായത്. പ്രതികളിലൊരാളായ ഹരിയാന പല്‍വാര്‍ സ്വദേശി സുമനാണ് (40) പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചത്. രണ്ടു പോലീസുകാരെ പ്രതികള്‍ കുത്തി വീഴ്ത്തി. സംഘത്തിലെ പല്‍വാര്‍ സ്വദേശി അസറുവിന്റെ (25) ഇരുകാലുകളിലും പോലീസ് വെടിവച്ചു കീഴ്പ്പെടുത്തി. അര മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഹരിയാന സ്വദേശികളായ 6 പ്രതികളെയും അറസ്റ്റ് ചെയ്തതായി സേലം ഡി.ഐ.ജി: ഇ.എസ്. ഉമ വ്യക്തമാക്കി.
പ്രതികള്‍ വെള്ള കാറിലാണ് വിവിധ എ.ടി.എമ്മുകളില്‍ എത്തിയതെന്ന് സി.സി. ടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. പിന്നില്‍ പ്രൊഫഷനല്‍ മോഷ്ടാക്കളാണെന്ന് ഉറപ്പിച്ചായിരുന്നു പോലീസ് അനേ്വഷണം. ഇരിങ്ങാലക്കുട മാപ്രാണത്ത് പുലര്‍ച്ചെ 2.10 ന് വെള്ള കാറിലെത്തിയായിരുന്നു ആദ്യ കവര്‍ച്ച. സിസിടിവി ക്യാമറകള്‍ നശിപ്പിച്ചശേഷം മുഖംമൂടി ധരിച്ച് എ.ടി.എമ്മിനകത്ത് ഗ്യാസ് കട്ടറുമായി കയറി. തുടര്‍ന്ന് അതിവിദഗ്ധമായ അതിവേഗ കവര്‍ച്ച. ഇവിടെ നിന്നു നഷ്ടപ്പെട്ടത് 30 ലക്ഷം. സമീപത്തെ കടകളുടെ സിസിടിവി കാമറകളും സ്പ്രേ പെയിന്റടിച്ച് ഇവര്‍ മറച്ചിരുന്നു. എന്നാല്‍ ബ്ളോക്ക് റോഡില്‍ അമ്മൂസ് ഹോട്ടലിന്റെ പുറകുവശത്തുള്ള ക്യാമറയില്‍ ഇവര്‍ വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ പതിഞ്ഞു.
തുടര്‍ന്ന് 17 കിലോമീറ്റര്‍ സഞ്ചരിച്ച് സമയം പുലര്‍ച്ചെ 3.02 ന് സംഘമെത്തിയത് തൃശൂര്‍ നഗര ഹൃദയത്തില്‍. അവിടെ സ്വരാജ് റൗണ്ടില്‍നിന്ന് ഷൊര്‍ണൂര്‍ റോഡിലേക്കിറങ്ങുന്ന വഴിയില്‍ സരോജിനി ആശുപത്രിക്കു സമീപത്തെ എ.ടി.എമ്മില്‍ കവര്‍ച്ച. കൊള്ളയടിച്ചത് 9.5 ലക്ഷം രൂപ. 10 മിനിറ്റിനകം ആക്രമണം പൂര്‍ത്തിയാക്കി സംഘം പുറത്തിറങ്ങി. പിന്നീട് നാലു കിലോമീറ്റര്‍ അതിവേഗം സഞ്ചരിച്ച് കോലഴിയിലെത്തി. ഇവിടെയുള്ള എ.ടി.എമ്മില്‍ നിന്ന് 25 ലക്ഷം രൂപ കവര്‍ന്നു. അപ്പോള്‍ സമയം 3.40. ഇൗ കവര്‍ച്ച നടന്ന് അഞ്ചു മിനിറ്റിനുള്ളില്‍ അപകടസൂചന അറിയിച്ചുള്ള സിഗ്നല്‍ കിട്ടി. വിയ്യൂര്‍ പോലീസ് വേഗം സംഭവസ്ഥലത്തെത്തിയെങ്കിലും കവര്‍ച്ചാസംഘം രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.
കവര്‍ച്ചാ സംഘം വാഹനത്തില്‍ തമിഴ്നാട് വഴി ഉത്തരേന്ത്യയിലേക്കു കടക്കാന്‍ സാധ്യതയുണ്ടെന്നു തൃശൂര്‍ ജില്ലാ പോലീസ് മേധാവി പാലക്കാട് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, സേലം, നാമക്കല്‍ പോലീസിനു വിവരം കൈമാറിയിരുന്നു. പാലക്കാടും കോയമ്പത്തൂര്‍ സേലം ബംഗളുരു ദേശീയപാതയിലും പോലീസ് പരിശോധന നടത്തി. രാവിലെ 8.30 ഓടെ കാറിലും ബൈക്കുകളിലും ഇടിച്ചു നിര്‍ത്താതെ പോയ കണ്ടെയ്നര്‍ ലോറി ബെപ്പഡെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ലോറി രണ്ടു കിലോമീറ്ററോളം പിന്തുടര്ന്നു നാട്ടുകാരുടെ സഹായത്തോടെ പോലീസ് തടഞ്ഞിട്ടു. ലോറി സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ അകത്തു നിന്നും വലിയ ശബ്ദം കേട്ടതോടെ പോലീസ് പരിശോധിക്കുന്നതിനിടെ ഡ്രൈവര്‍ സുമന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇറങ്ങി ഓടി. പിന്തുടര്‍ന്ന പോലീസുകാരെ ആക്രമിച്ച സുമനെ പോലീസ് കഴുത്തില്‍ വെടിവച്ചു വീഴ്ത്തി. സുമന് പിന്നീട് മരിച്ചു.
ഇതിനിടെ ലോറിയുടെ വാതില്‍ തുറന്നപ്പോഴാണ് ലോറിക്കുള്ളില്‍ കാറും പ്രതികളെയും പോലീസ് കണ്ടെത്തുന്നത്. ഇതിനിടെ കണ്ടെയ്നറിലുണ്ടായിരുന്ന പ്രതികള്‍ പോലീസിനെ കുത്തിയെങ്കിലും പോലീസ് പ്രതികളെ ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. കുത്തേറ്റ രണ്ടു പൊലീസുകാരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡല്‍ഹിയില്‍ നിന്നു ചെന്നൈയിലേക്കു സാധനങ്ങളുമായി വന്ന എസ്.കെ. ലോജസ്റ്റിക് കമ്പനിയുടെ ലോറി ചെന്നൈയില്‍ നിന്നു കേരളത്തില്‍ എത്തിക്കുകയായിരുന്നു. കണ്ടെയ്നര്‍ ലോറിയില്‍നിന്നു കാറും 65 ലക്ഷം രൂപയും മൂന്നു തോക്കുകളും കത്തികളും കണ്ടെത്തി.






