
ഈ ലോകത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത ഒന്നാണ് സഹോദര ബന്ധം.എത്ര വഴക്ക് കൂടിയാലും എത്രയൊക്കെ കുറ്റപ്പെടുത്തിയാലും മിക്കവാറും സഹോദരങ്ങള്‍ തമ്മില്‍ വലിയ ആഴത്തിലുള്ള സ്നേഹം തന്നെ കാത്ത് സൂക്ഷിക്കാറുണ്ട്. ഈ പ്രപഞ്ചത്തില്‍ തങ്ങള്‍ക്ക് ഏറ്റവും അടുപ്പം സ്വന്തം സഹോദരനോടോ സഹോദരിയോടോ ആണെന്നു പറയുന്ന അനേകം പേരെ നമുക്ക് കാണാം. സഹോദരി വിവാഹം കഴിഞ്ഞ് വീടുവിട്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ മിക്കവാറും സഹോദരന്മാര് കരഞ്ഞുപോകാറുണ്ട്. അതുവരെ വഴക്കൊക്കെ കൂടുമായിരുന്നു എങ്കിലും അവര്‍ ദൂരേക്ക് പോകുമ്പോഴാണ് പലപ്പോഴും അതിന്റെ വേദന മനസിലാവുക. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.
@cheenadasani and jainisakhariya എന്ന യൂസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ സഹോദരിയുടെ വിവാഹച്ചടങ്ങുകള്‍ നടക്കുകയാണ്. അപ്പോഴാണ് 'രക്ഷാ ബന്ധന്' എന്ന ചിത്രത്തിലെ പാട്ടിന് ചുവടുകളുമായി സഹോദരന് എത്തുന്നത്. വളരെ വികാരത്തോടും ഹൃദയം നിറഞ്ഞുമാണ് സഹോദരന്റെ പ്രകടനം. ഇതോടെ സഹോദരിയുടെ കണ്ണുകള്‍ നിറയുന്നതും വീഡിയോയില്‍ കാണാം. സഹോദരിയുടേത് മാത്രമല്ല, അവിടെ കൂടിനിന്ന പലരുടേയും മിഴികള്‍ നിറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ, വീഡിയോ കാണുന്നവരുടെയും മിഴികള്‍ ഒന്ന് നനഞ്ഞുപോയേക്കാം. അവസാനം സഹോദരന് ഒരു റോസാപ്പൂ കോര്‍ത്ത മാല സഹോദരിയുടെ കഴുത്തില്‍ അണിയിക്കുന്നതും വീഡിയോയില്‍ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിത്തീര്‍ന്നത്. ഒരുപാട് പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.






