
ഓരോ ദിവസവൃം വ്യത്യസ്തത ഉണര്‍ത്തുന്ന എത്രയെത്ര വീഡിയോകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഏതായാലും അതുപോലെ ഒരു വീഡിയോയാണ് ഇതും. ആളുകളെ അമ്പരപ്പിച്ച വീഡിയോ എന്ന് വേണമെങ്കില്‍ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. ആളുകള്‍ കയ്യടിച്ചാല്‍ പൂക്കള്‍ വിടരുന്നത് നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയും പൂക്കളുണ്ട് എന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ വീഡിയോ.
@amazingtaishun എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒന്നുരണ്ടുപേര് ഒരു ചെടിയുടെ മുന്നില്‍ നിന്നും കൈകൊട്ടുന്നതാണ്. മഞ്ഞനിറത്തിലുള്ള പൂക്കള്‍ വിടരാന്‍ തയ്യാറായി നില്ക്കുന്നതും കാണാം. ആളുകള്‍ കുറച്ചുനേരം അതിന്റെ മുന്നില്‍ നിന്നും കൈകൊട്ടുന്നതും കാണാം. കുറച്ച് നേരം കൈകൊട്ടി കഴിയുമ്പോഴേക്കും പൂക്കള്‍ വിടര്‍ന്നു വരുന്നതാണ് കാണുന്നത്. കൈകൊട്ടിയാല്‍ പൂക്കള്‍ വിടരുമോ? ഇതാണ് വീഡിയോ കാണുന്നവരുടെയെല്ലാം സംശയം. നമുക്കും ആ സംശയം കാണും അല്ലേ? എന്നാല്‍, ട്വിസ്റ്റ് അതല്ല. കൈകൊട്ടിയതുകൊണ്ടല്ല പൂക്കള്‍ വിടരുന്നത്. അത് കോമണ്‍ ഈവനിംഗ് പ്രൈംറോസ് (Common Evening Primrose) എന്ന പൂവാണ്. സാധാരണയായി അത് വിടരുന്നത് വൈകുന്നേരമാണ്. ആ സമയം അറിയാവുന്ന ആള് ആ സമയത്ത് അതിന്റെ മുന്നില്‍ ചെന്നുനിന്ന് കൈകൊട്ടുന്നതാണ് സംഭവം.
എന്തായാലും, വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. പലരും വീഡിയോയ്ക്ക് കമന്റുകളും നല്കി. ആളുകളുടെ അമ്പരപ്പ് കൈകൊട്ടിയാല്‍ വിടരുന്ന പൂവുണ്ടോ എന്നതായിരുന്നു. ഇത് സത്യമാണ് എന്ന് കരുതി എത്ര മനോഹരം എന്ന് കമന്റ് നല്കിയവര് ഒരുപാടുണ്ടായിരുന്നു. എന്നാല്‍, അതേസമയം തന്നെ ഇതിന്റെ സത്യാവസ്ഥ അറിയുന്നവരും ഉണ്ടായിരുന്നു.






