
കോയമ്പത്തൂര്‍; ലൈംഗികാതിക്രമ പരാതിയില്‍ അധ്യാപിക അറസ്റ്റില്‍. സൗന്ദര്യയാണ് അറസ്റ്റിലായത്. സ്വകാര്യ സ്കൂളിലെ 9ാം ക്ലാസുകാരിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ആറ് മാസം മുന്‍പാണ് സൗന്ദര്യ ഈ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്.
അധ്യാപിക 13 വയസ്സുള്ള തന്റെ മകളെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ അന്നൂര്‍ പൊലീസിലാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയോട് ശനിയാഴ്ച പുലര്‍ച്ചെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെട്ട സൗന്ദര്യ, ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. മാതാപിതാക്കള്‍ ഉറങ്ങുമ്പോഴാണ് പെണ്‍കുട്ടി അധ്യാപിക ആവശ്യപ്പെട്ട പ്രകാരം വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞതായി 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു.
പരാതി മേട്ടുപ്പാളയത്തെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. അവിടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമുള്ള (പോക്സോ) കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. കുട്ടിയുമായി സൌഹൃദമുണ്ടാക്കിയ ശേഷം സ്വവര്‍ഗാനുരാഗ ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു അധ്യാപികയെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച അറസ്റ്റ് ചെയ്ത സൗന്ദര്യയെ റിമാന്‍ഡ് ചെയ്തു.






