
കൗതുകവും കാണികളില്‍ ആവേശം നിറയ്ക്കുന്നതുമയാ ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മുസ്സൂറിയിലെ ഇടുങ്ങിയ തെരുവുകള്‍ കീഴടക്കിക്കൊണ്ട് ഇഴഞ്ഞ് നീങ്ങുന്ന വിവിധ നിറങ്ങളിലുള്ള 71 ലംബോര്‍ഗിനി കാറുകളാണ് കാണികളുടെ മനം കവര്‍ന്നിരിക്കുന്നത്. ലംബോര്‍ഗിനി ജിറോ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മുസ്സൂറി തെരുവുകളില്‍ 71 ലംബോര്‍ഗിനികള്‍ ഇറങ്ങിയത്. സിരീഷ് ചന്ദ്രന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോയില്‍ മുസ്സൂറി തെരുവിലൂടെയുള്ള ലംബോര്‍ഗിനികളുടെ ഘോഷയാത്ര കാണാം.
വൈറലായ വീഡിയോയില്‍ തെരുവിലൂടെ പതുക്കെ ലംബോര്‍ഗിനികള്‍ സഞ്ചരിക്കുമ്പോള്‍, റോഡിന്റെ ഇരുവശങ്ങളിലും കുട്ടികള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നത് കാണാം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരടക്കം തങ്ങളുടെ മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നു. തിരക്കേറിയ തെരുവിലെ എല്ലാ ഗതാഗതവും സ്തംഭിപ്പിച്ച് ലംബോര്‍ഗിനികള്‍ ഇഴഞ്ഞ് നീങ്ങിയത് നാട്ടുകാരെ നിരാശരാക്കിയില്ല. അവര്‍ തങ്ങളുടെ അവേശം വീഡിയോയ്ക്ക് മുന്നിലും പ്രകടിപ്പിച്ചു. വീഡിയോ വളരെ വേഗം വൈറലായി. ഒറ്റ ദിവസം കൊണ്ട് 66 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഏതാണ്ട് മൂന്ന് ലക്ഷത്തിനടുത്ത് ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിച്ചു.
'ഒരു കാര്‍ പ്രേമിയുടെ സ്വപ്ന സാക്ഷാത്കാരത്തെക്കുറിച്ച് സംസാരിക്കുക.' ഒരു കാഴ്ചക്കാരന് എഴുതി, 'സ്കൂള്‍ ബസ്സിലെ കുട്ടികള്‍ക്ക് എന്നന്നേക്കുമായി പറയാന്‍ ഒരു കഥയുണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. 'കുട്ടിക്കാലം മുതല്‍ ഈ റോഡുകളെ അറിയുന്ന ഒരാള്‍ക്ക് ഇത് എനിക്ക് വളരെയധികം ഉത്കണ്ഠ നല്കുന്നു.' മറ്റൊരാള്‍ കുറിച്ചു. 'സമാധാനവും പ്രകൃതിയും ആസ്വദിക്കാന്‍ ഞങ്ങള്‍ പര്‍വതങ്ങളിലേക്ക് പോകുന്നു... നമുക്ക് വേണ്ടി മാത്രം അത് നിലനിര്‍ത്താം.' മറ്റൊരാള്‍ എഴുതി. ഉടമകള്‍ക്കും ലംബോര്‍ഗിനി പ്രേമികള്‍ക്കും ഒരു എക്സ്ക്ലൂസീവ് ഡ്രൈവിംഗ് അനുഭവമാണ് ലംബോര്‍ഗിനി ജിറോ. പരിപാടിയില്‍ പങ്കെടുത്തവര്ക്കിടയില് ഐക്കണിക് സൂപ്പര്‍ കാറുകളുടെ പ്രകടനവും ശൈലിയും പ്രദര്‍ശിപ്പിച്ചു.






