
ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കുക എന്നത് അത്ര സുഖമുള്ള പരിപാടിയല്ല. എങ്കിലും ഇവിടുത്തെ തിരക്കേറിയ റോഡുകള്‍ മൂലം നമ്മളില്‍ ഭൂരിഭാഗം പേരും ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടുപോകാറുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ബെംഗളൂരുവിലുള്ളവരുടെ ദൈനംദിന ജീവിതവും കടന്നുപോകുന്നത് ട്രാഫിക് ബ്ലോക്കിനോട് മല്ലിട്ടാണ്. ട്രാഫിക് ബ്ലോക്കില്‍പ്പെട്ടു പോകുന്ന സമയം പാഴാക്കാതിരിക്കാന് ഈ സമയത്ത് ജോലിയിലേര്‍പ്പെടുന്ന ആളുകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട സമയം വളരെ വ്യത്യകസ്തമായി ഉപയോഗിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന യുവതിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഓട്ടോ ട്രാഫിക് ബ്ലോക്കില്‍പ്പെട്ടു. ഈ സമയത്ത് പുറത്ത് ബാന്‍ഡ് മേളവും ഡാന്‍സും കണ്ടു. തുടര്‍ന്ന് യുവതിയും ഓട്ടോയില്‍ നിന്ന് പുറത്തിറങ്ങി ഇവര്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ ആരംഭിച്ചു. ബ്ലോക്ക് നീങ്ങി ഓട്ടോ നീങ്ങാന്‍ തുടങ്ങിയതോടെ വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ യുവതിയെ തിരികെ വിളിക്കുന്നതും വീഡിയോയിലുണ്ട്. @saranyaxmohan എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേര് വീഡിയോ കണ്ടു. വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളും എത്തി. ട്രാഫിക്ക് ബ്ലോക്കുകള്‍ ആനന്ദകരമാക്കാന്‍ ഇങ്ങനെ ചിലതു ചെയ്യാം എന്നായിരുന്നു വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തത്.






