
സോഷ്യല്‍ മീഡിയയിലൂടെ വളരെപ്പെട്ടെന്ന് വൈറലായി മാറിയ കലാകാരന്മാരുണ്ട്. ജനശ്രദ്ധ നേടാനും സെലിബ്രിറ്റിയാകാനും എളുപ്പമാർഗം ഇൻസ്റ്റഗ്രാമും യൂട്യൂബും ഒക്കെയാണെന്ന് ചിന്തിക്കുന്നതാണ് യുവതലമുറ. ചിലര്‍ ക്രിയേറ്റീവായ ചിന്തകളിലൂടെ, മറ്റു ചിലര്‍ ഡാന്‍സുകളിലൂടെ, വേറെ ചിലര്‍ പാട്ടുകളിലൂടെയും തങ്ങളുടെ കഴിവുകള്‍ ലോകത്തിനു മുൻപില് കാണിക്കാൻ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് മാത്രം മതി.
ഇപ്പോഴിതാ ഒരു കല്യാണ റിസപ്ഷനില്‍ നടക്കുന്ന ഗാനമേള പ്രോഗ്രാമിന്റെ വീഡിയോയാണ് വൈറലാകുന്നത്. വളരെ എനര്‍ജറ്റിക്കായി മ്യൂസിക് മാന്ത്രികൻ എ ആർ റഹ്മാൻ ആലപിച്ച ‘ഹമ്മ ഹമ്മ’ എന്ന ഗാനം ആലപിക്കുകയാണ് ഈ കലാകാരൻ.
നൂർ വോക്സ് എന്ന ഇൻസ്റ്റാഗ്രാം അക്കൗഡിലൂടെ പങ്കുവെച്ച വിഡിയോയില്‍ ‘സാക്ഷാല്‍ എ ആർ റഹ്മാൻ ഈ വീഡിയോക്ക് കമന്റ് ചെയ്യുകയാണെങ്കില്‍ താൻ ഇനി ‘ഹമ്മ ഹമ്മ’ എന്ന ഈ ഗാനം ആലപിക്കുന്നത് നിർത്തും’ എന്നായിരുന്നു ആ വൈറലായ ക്യാപ്ഷൻ. എന്നാല്‍ കലാകാരന്റെ വീഡിയോ വൈറലായതോടെ ഓസ്കാര്‍ ജേതാവു കൂടിയായ സംഗീത മാന്ത്രികൻ സാക്ഷാല്‍ എ.ആര്.റഹ്മാനും വീഡിയോക്ക് കമന്റ് ചെയ്തു. വീഡിയോ ലൈക് ചെയ്തു എ ആര് റഹ്മാന് കുറിച്ചത് ‘ഒരിക്കലും പാട്ടും ഈ ഡാൻസും നിർത്തരുത്...’ എന്നാണ്.
ഇതിനു മറുപടിയായി ‘‘ഒഎംജി...ഒടുവിൽ ലെജൻഡ് കമൻ്റ് ചെയ്തു...വളരെ നന്ദി സർ...ഹമ്മ ഓൺ ഫയർ...’’ എന്നാണ് നൂർ വോക്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
ഇതോടെ നിരവധി പേര് ഈ കലാകാരന് കമന്റുകളിലൂടെ ആശംസകള്‍ കുറിക്കുന്നുണ്ട്. ‘ഇത്രയും എനർജറ്റിക്കായി ഡാൻസ് ചെയ്തു ഇങ്ങനെ പാടാൻ എങ്ങനെ സാധിക്കുന്നു’ എന്നാണ് പലരും ചോദിക്കുന്നത് .
അരവിന്ദ് സ്വാമിയും മനീഷ കൊയ്രാളയും കേന്ദ്രകഥാപാത്രമായെത്തിയ ബോംബെ എന്ന മണിരത്നം ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘ഹമ്മ ഹമ്മ’ ആലപിച്ചതും കംപോസ് ചെയ്തതും എ ആർ റഹ്മാനാണ്.






