
തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍ നവജാത ശിശുവിനെ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രമായ പെണ് കുഞ്ഞിനെയാണ് ശുചീകരണ തൊഴിലാളികൾ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചു.
പൊതു ശൗചാലയത്തിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. ബക്കറ്റ് കമഴ്ത്തി വെച്ച നിലയിലായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിൽ കുഞ്ഞിനെ നിലത്ത് കിടത്തിയിരിക്കുന്നത് കണ്ടത്.
ശുചീകരണ തൊഴിലാളികൾ കുഞ്ഞിനെയുമെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് ഓടി. നവജാത ശിശുവിന് അടിയന്തര വൈദ്യസഹായം നൽകി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.
