
ജ്യോതിര്‍മയി എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകമനസ്സിലേക്ക് ആദ്യമെത്തുക ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ എന്ന അടിപൊളി പാട്ടാണ്. കുറെയധികം സിനിമകളിലഭിനയിച്ച താരം പിന്നീട് വലിയൊരു ഇടവേളയാണ് സിനിമയില്‍ നിന്ന് എടുത്തത്. പല നായികമാരും ഇടവേളയ്ക്കു ശേഷം തിരിച്ചു വരുമ്പോള്‍ സ്വീകരിക്കണമെന്നില്ല. എന്നാല്‍ ജ്യോതിര്‍മയിയുടെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. താരത്തിന്റെ തിരിച്ചുവരവ് മാത്രമല്ല ഔട്ട്ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭർത്താവും സംവിധായകനുമായ അമല്‍ നീരദിന്റെ ബോഗയ്ൻവില്ല ചിത്രത്തിലൂടെയാണ് 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരം തിരിച്ചെത്തിയത്.
ഇപ്പോഴിതാ ഈ ചിത്രത്തെ ആരും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കരുതെന്ന് നടി ജ്യോതിർമയി. സിനിമ പോസിറ്റീവായിട്ട് മാത്രം കാണണമെന്നും അതിനെ മറ്റൊരു രീതിയിലും ചിത്രീകരിക്കരുതെന്നും താരം പറഞ്ഞു.
‘‘എല്ലാത്തിനും നെഗറ്റീവും പോസിറ്റീവുമുണ്ട്. സിനിമ പോസിറ്റീവായിട്ട് മാത്രം കാണുക. കളങ്കമില്ലാതെ ചിത്രീകരിച്ച സിനിമയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കരുതെന്ന് മാത്രമാണ് പ്രേക്ഷകരോട് പറയാനുള്ളത്. 11 വർഷങ്ങള്‍ക്ക് ശേഷവും പ്രേക്ഷകർ എന്നെ അംഗീകരിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്.
ഞാൻ ഈ സിനിമ ചെയ്യണം എന്നത് അമലിന്റെ നിർബന്ധമായിരുന്നു. നല്ല നടിമാർ വെറെയുണ്ട്. ഒന്നുകൂടി ആലോചിച്ച് തീരുമാനിക്കൂ. ഞാൻ ശരിയാകുമോ എന്നൊക്കെ ഞാൻ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴും ചോദിച്ചിരുന്നു. ആ കഥാപാത്രത്തോട് എത്രത്തോളം നീതിപുലർത്താൻ കഴിയുമെന്ന ടെൻഷൻ എനിക്കുണ്ടായിരുന്നു. 11 വർഷത്തിന് ശേഷം സിനിമയിലേക്ക് വരുന്നതിന്റെ ഒരു പേടിയുമുണ്ടായിരുന്നു.
ഈ കഥാപാത്രം നീ ചെയ്തില്ലെങ്കില്‍ സിനിമ ചെയ്യില്ലെന്ന് അമല്‍ എന്നോട് പറഞ്ഞു. സിനിമയിലേക്ക് എത്തുന്ന പുതിയ താരങ്ങള്‍ക്ക്, പണ്ടത്തേക്കാള്‍ കുറച്ചുകൂടി ഈസിയായി ഇന്ന് അഭിനയിക്കാൻ സാധിക്കും. വർഷങ്ങള്‍ക്ക് ശേഷം ഞാൻ അഭിനയിക്കുമ്പോള്‍ എനിക്ക് അത് മനസിലാക്കാൻ സാധിക്കുന്നുണ്ട്.
മുമ്പൊന്നും എന്റെ ഈ ലുക്കില്‍ നായികയായി സിനിമ ചെയ്യാൻ സാധിക്കില്ല. നരച്ചമുടിയും മൊട്ടത്തലയുമുള്ള ഹീറോയിനെ വച്ച് ആരും സിനിമ ചെയ്യില്ല. പക്ഷേ, ഇപ്പോഴത്തെ തലമുറ ഇതൊക്കെ അംഗീകരിക്കുന്നവരാണ്. മാറ്റങ്ങളും വ്യത്യാസങ്ങളും മനസിലാക്കുന്ന തലമുറയാണ് ഇന്നുള്ളത്". ചിത്രത്തിന്റെ പാട്ട് ഇറങ്ങിയശേഷം ഒരുപാട് പേർ വിളിച്ച് ആശംസകള്‍ അറിയിച്ചു...’’ ജ്യോതിർമയി പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.






