
ബോളിവുഡ് സിനിമാലോകത്തിന് വലിയ ഞെട്ടലും ആഘാതവുമുണ്ടാക്കിയ വേര്‍പാടായിരുന്നു സുശാന്ത് സിംഗ് രാജ്പുതിന്റേത്. താരത്തിന്റെ ആത്മഹത്യ സിനിമാ ലോകത്തുണ്ടാക്കിയ വിവാദങ്ങള്‍ ചെറുതല്ല. ഒരുപാട് പ്രമുഖരുടെ പേരുകള്‍ ഈ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. കഴിവുള്ള കലാകാരനായിട്ടും സിനിമാ രംഗത്ത് അര്‍ഹിക്കുന്ന പരിഗണന സുശാന്തിന് കിട്ടാതിരുന്നെന്നും സിനിമാ രംഗത്ത് തഴയപ്പെട്ടതാണ് സുശാന്തിനെ ബാധിച്ചതെന്നുമടക്കം പലതും വാര്‍ത്തകളില്‍ നിറഞ്ഞു.
ബോളിവുഡില്‍ നെപ്പോട്ടിസം ഉണ്ടെന്നും അതാണ് കഴിവുള്ള കലാകാരന്മാരെ വളര്ത്താതെന്നും പലരും ഈ മരണത്തോടെ പറഞ്ഞു. സുശാന്തിനെ കൊലപ്പെടുത്തിയതാണെന്ന വാദവും ഇതിനിടെ ശക്തമായി വന്നു. സുശാന്തിന്റെ കുടുംബം ഈ ആരോപണം ഒന്നിലേറെ തവണ ഉന്നയിച്ചു. എന്നാല്‍ വിഷാദ രോഗം കാരണം സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. വിഷാദ രോഗം സുശാന്തിനെ വലട്ടിയിരുന്നെന്ന് പങ്കാളി നടി റിയ ചക്രബർത്തിയും പറഞ്ഞിട്ടുണ്ട്. 2020 ല്‍ ഫ്ലാറ്റിലാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താരം വാടകയ്ക്ക് താമസിച്ച ഫ്ലാറ്റായിരുന്നു ഇത്.
സുശാന്തിന്റെ മരണ ശേഷം ആരും ഈ ഫ്ലാറ്റ് വാടകക്കെടുക്കാൻ തയ്യാറായില്ല. ദുരൂഹ മരണം എന്ന ആരോപണവും സുശാന്ത് മരിച്ച ഫ്ലാറ്റാണെന്ന് അറിയുമ്പോള്‍ ആളുകള്‍ ഫ്ലാറ്റ് നോക്കാൻ പോലും വരാറില്ലെന്നും മുമ്പൊരിക്കല്‍ ഈ ഫ്ലാറ്റിന്റെ ഉടമ പറഞ്ഞിരുന്നു. മൂന്ന് വർഷത്തോളം ഈ ഫ്ലാറ്റില്‍ താമസിക്കാൻ ആരും വന്നില്ല. പക്ഷേ അടുത്തിടെ നടി അദ ശർമ്മ ഈ ഫ്ലാറ്റ് വാടകയ്ക്കെടുത്തു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടി ഈ ഫ്ലാറ്റില്‍ താമസമാക്കിയതെന്നതടക്കം സോഷ്യല്‍ മീഡിയയില്‍ പല അഭിപ്രായങ്ങളും കുറ്റപ്പെടുത്തുകളും അതിനു പിന്നാലെ വന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അദ. ഒരു നടിയെന്ന നിലയിലോ അല്ലെങ്കില്‍ ഒരു വ്യക്തിയെന്ന നിലയിലോ പറയുന്ന എല്ലാ കാര്യങ്ങളോടും പ്രതികരിക്കാൻ പറ്റില്ലെന്നും എല്ലാവർക്കും ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പറയുകയാണ് അദ.
‘‘അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഞാൻ നല്ല വ്യക്തിയാണെന്ന് പറയാനോ എന്റെ പ്രവൃത്തികളുടെ കാരണം വ്യക്തമാക്കാനോ എനിക്ക് താല്പര്യമില്ല. ചെയ്യേണ്ട കാര്യങ്ങളാണ് ചെയ്തത്. ഒരു നടിയെന്ന നിലയിലോ അല്ലെങ്കില്‍ ഒരു വ്യക്തിയെന്ന നിലയിലോ പറയുന്ന എല്ലാ കാര്യങ്ങളോടും പ്രതികരിക്കാൻ പറ്റില്ല.
ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ആരും എനിക്ക് വേണ്ടി മാറേണ്ടതില്ല. അതേപോലെ ഞാനും ആർക്ക് വേണ്ടിയും മാറില്ല. ആ വീട്ടില്‍ ഞാൻ സെറ്റില്‍ഡ് ആണ്. എനിക്ക് വളരെ ഇഷ്ടമാണവിടെ. അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് ഫ്ലാറ്റില്‍ കഴിയുന്നത്. അവിടത്തെ എനർജി വളരെ നല്ലതാണ്...’’ അദ ശര്‍മ്മ പറയുന്നു.
കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധ നേടിയ താരമാണ് അദ ശർമ്മ. റീത്ത സന്യാള് ആണ് നടിയുടെ പുതിയ സീരീസ്. ദ ഗെയിം ഓഫ് ഗിർഗിത് എന്ന സിനിമയും താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.






