
ആദിത്യ ചോപ്രയുടെ സംവിധാനത്തില്‍ 1995 ഒക്ടോബര്‍ 20ന് തിയേറ്ററുകളിലെത്തിയ ചിത്രം ' ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ' പ്രേക്ഷകര്‍ക്ക് അന്നും ഇന്നും ഇഷ്ടമുളള സിനിമകളിലൊന്നാണ്. ഷാരൂഖ് ഖാന്- കജോള്‍ താരജോഡി ബിഗ്സ്ക്രീനില്‍ തകര്‍ത്താടിയപ്പോള്‍ അത് ഭാഷകളുടെ വേര്‍തിരിവില്ലാതെ എല്ലാ പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു.
ചിത്രം റലീസ് ചെയ്തിട്ട് 29 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ സമയം ചിത്രത്തിന്റെ ഓര്‍മ്മ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി കജോള്‍.
രാജ് മല്‍ഹോത്ര, സിമ്രാന് എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ ഷാരൂഖ് ഖാനും കജോളുമെത്തിയത്.റിലീസിന് ശേഷം ഇന്ത്യയിലും വിദേശത്തും മികച്ച കളക്ഷന്‍ നേടിയ ചിത്രം, ആ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളിലൊന്ന് എന്ന അംഗീകാരവും ചിത്രം നേടിയിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും വമ്പന്‍ ഹിറ്റുകളായിരുന്നു.
സഹോദരന്മാരായ ജതിന്, ലളിത് എന്നിവരാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയത്. അമരീഷ് പുരി, അനുപം ഖേര്‍, മന്ദിര ബേദി, കരണ്‍ ജോഹര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.






