
തൃശൂര്: ഉപതെരഞ്ഞെടുപ്പു പ്രചാരണക്കളത്തില് പോരാട്ടം കനത്തതോടെ വീണ്ടും ചര്ച്ചയായി അന്വറും പൂരവും. സി.പി.എമ്മില്നിന്ന് പുറത്തുവന്ന് പുതിയ പാര്ട്ടിയുണ്ടാക്കിയ പി.വി. അന്വറിന്റെ രാഷ്ട്രീയ നീക്കം ഇരുമുന്നണികളും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഒരേസമയം ആശങ്കയും പ്രതീക്ഷയുമാകുന്ന വിഷയമാണിത്. ഒപ്പം തൃശൂര് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ച പുതിയ നിബന്ധനകളും ഉപതെരഞ്ഞെടുപ്പില് പ്രധാന ചര്ച്ചയായിമാറി.
പുതിയ പാര്ട്ടിയുണ്ടാക്കി നിലമ്പൂരില് പ്രവര്ത്തകരെ അണിനിരത്തിയ അന്വറിന്റെ നീക്കമാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആദ്യ റൗണ്ടില് കൗതുകമാകുന്നത്. പാലക്കാട്ട് മുസ്ലിം സ്ഥാനാര്ഥിയും ചേലക്കരയില് മുന് കോണ്ഗ്രസുകാരനേയുമാണ് അന്വര് ഗോദയിലിറക്കിയത്. ബി.ജെ.പി.യുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട്ട് സ്ഥാനാര്ത്ഥിയെ ചൊല്ലി കോണ്ഗ്രസില് കലാപമാണ്. ഇതിനൊപ്പം അന്വറിന്റെ സ്ഥാനാര്ത്ഥിയിലേക്ക് കോണ്ഗ്രസിന്റെ പരമ്പരാഗത മുസ്ലിം വോട്ടുകളില് ചെറിയൊരു ശതമാനം വോട്ടെങ്കിലും മറിഞ്ഞാല് ഫലം പ്രവചനാതീതമാകുമെന്ന് കോണ്ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരേ ആഞ്ഞടിക്കുമ്പോഴും മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയമാണ് അന്വര് മുന്നോട്ടുവയ്ക്കുന്നത്. സി.പി.എമ്മിന്റെ ഉറച്ച വോട്ടുകള് അന്വറിന്റെ സ്ഥാനാര്ഥിയിലേക്ക് ചുവടുമാറില്ലെന്ന് കോണ്ഗ്രസും ഇടതുപക്ഷവും കണക്കു കൂട്ടുന്നു.
അതേസമയം, സി.പി.എമ്മുമായി അകന്നു നില്ക്കുന്ന എസ്.ഡി.പി.ഐ. - ജമാഅത്ത് ഇസ്ലാമി അടക്കമുള്ള മുസ്ലിം തീവ്ര നിലപാടു പുലര്ത്തുന്ന സംഘടനകളില്നിന്ന് അന്വറിന് വോട്ട് കിട്ടിയേക്കാമെന്നും കോണ്ഗ്രസ് ആശങ്കപ്പെടുന്നു. കഴിഞ്ഞ തവണ പാലക്കാട്ട് കോണ്ഗ്രസിലെ ഷാഫി പറമ്പില് നാലായിരത്തില് താഴെ വോട്ടുകള്ക്കാണ് എന്.ഡി.എയിലെ ഇ.ശ്രീധരനെ പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ വോട്ട്
ചോര്ച്ചയുണ്ടായാല് വലിയ വില കൊടുക്കേണ്ടിവരുമെന്ന് കോണ്ഗ്രസ് ആശങ്കപ്പെടുന്നു.
പാര്ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില് പൊതുവേ തീരുമാനം കടുപ്പിക്കാറുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, അന്വറിന്റെ മുന്നില് ചര്ച്ചയുടെ എല്ലാ വാതിലുകളും കൊട്ടിയടച്ചു. അന്വറിന്റെ ആവശ്യങ്ങളും വാദങ്ങളും കേവലം തമാശ മാത്രമാണെന്നും സതീശന് പരിഹസിച്ചു.
എന്നാല് വിഷയത്തില് സതീശന്, അന്വറുമായി ചര്ച്ച നടത്തിയതായി വെളിപ്പെടുത്തിയ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്, അന്വറിന് മുന്നില് ചര്ച്ചയുടെ വാതിലുകള് തുറന്നിട്ടിരിക്കുകയാണെന്ന പ്രഖ്യാപനമാണ് നടത്തിയത്.ഒരുമിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ്, ഇരു നേതാക്കളും ഒരേ വിഷയത്തില് നിലപാട് കടുപ്പിക്കുകയും മയപ്പെടുത്തുകയും ചെയ്തത്. ഇത് ആശയക്കുഴപ്പത്തിലേക്ക് കാര്യങ്ങളെത്തിച്ചു. പാലക്കാട് സിറ്റിങ് സീറ്റ് നിലനിര്ത്തുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്താല് മാത്രമേ കോണ്ഗ്രസിന് ആത്മവിശ്വാസത്തോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാവൂ.
അതേസമയംതന്നെ തൃശൂര് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്ക്കാര് കഴിഞ്ഞ ദിവസം കൊണ്ടുവന്ന നിബന്ധനകള് ചേലക്കരയിലെ പ്രചാരണ രംഗത്ത് ചര്ച്ചയായി മാറി. നിബന്ധകള് നടപ്പാക്കിയാല് തൃശൂര് പൂരം നടത്തിപ്പ് അസാധ്യമാകുമെന്ന് ചൂണ്ടിക്കാട്ടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള് രംഗത്തെത്തിയതിനു പിന്നാലെ സി.പി.എം. നേതാവ് കെ.രാധാകൃഷ്ണന് എം.പിയും ഇതേ നിലപാട് ആവര്ത്തിച്ചു.
നിബന്ധകള് തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്ക്കാരിന് കത്തയക്കുമെന്ന് മന്ത്രി കെ. രാജന് വ്യക്തമാക്കിയിരുന്നു. ഫയര് ലൈനും മാഗസിനും തമ്മില് 200 മീറ്റര് അകലം വേണമെന്ന നിബന്ധനയാണ് പ്രധാനമായും എതിര്ക്കപ്പെടുന്നത്. 45 മീറ്റര് അകലമെന്ന നിലവിലെ നിബന്ധന തന്നെ കുറയ്ക്കണമെന്ന് ദേവസ്വങ്ങള് ആവര്ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് അകലം പലമടങ്ങായി വര്ധിപ്പിച്ചത്. കഴിഞ്ഞ തവണത്തെ തൃശൂര് പൂരം അലങ്കോലമായത് രാഷ്ട്രീയ മാറ്റത്തിനിടയാക്കിയെന്ന ആരോപണം നിലനില്ക്കെയാണ് ഉപതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും പൂര നിബന്ധനകള് ചര്ച്ചയാകുന്നത്. അതോടെ അന്വറിനൊപ്പം പൂരവും തെരഞ്ഞെടുപ്പ് കളത്തില് പ്രധാനചര്ച്ചയായി.







Comments