
മികച്ച സെലിബ്രേറ്റി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് അനീഷ് ഉപാസന. ഫോട്ടോഗ്രാഫർ മാത്രമല്ല മികച്ച സംവിധായകന് കൂടിയായ അനീഷ് സോഷ്യൽമീഡിയയിലും സജീവവ്യക്തിത്വമാണ്. മലയാളത്തിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫേഴ്സില്‍ പ്രധാനിയായ അനീഷ്, നടൻ മോഹൻലാലിന്റെ ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്.
മോഹൻലാലിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ബറോസിന്റെ പിന്നണിയിലും അനീഷ് പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നീലഗിരി ജില്ലയിലെ എരുമാട് എന്ന സ്ഥലത്ത് ജനിച്ചു വളർന്ന സാദാ നാട്ടിൻപുറത്തുകാരനിൽ നിന്ന് അനീഷ് ഗോഡ്ഫാദേഴ്സ് ഇല്ലാതെയാണ് സിനിമാമേഖലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. 2000 രൂപ മാസ ശമ്പളത്തില്‍ സിനിമാ മാഗസീനുകളുടെ ഫാഷൻ ഫോട്ടോഗ്രാഫറായി തുടങ്ങിയ അനീഷ് ഉപാസന ഇന്ന് തിരക്കുള്ള സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി മാറി. മാറ്റിനി എന്ന ആദ്യ സിനിമ സംവിധാനം ചെയ്ത ശേഷം സെക്കന്റ്സ്, പോപ്കോണ്‍, ജാനകി ജാനേ തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തു.
നടി അഞ്ജലി നായരെ ആയിരുന്നു അനീഷ് വിവാഹം ചെയ്തത്. ഇരുവർക്കും പിറന്ന മകളാണ് എആർഎം, ഫീനിക്സ് തുടങ്ങിയ സിനിമകളിലൂടെ വിസ്മയിപ്പിക്കുന്ന പ്രകടം കാഴ്ചവെച്ച ബാലതാരം ആവണി. അനീഷുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം അഞ്ജലി മറ്റൊരാളെ വിവാഹം ചെയ്തു. ആ ബന്ധത്തിലും അഞ്ജലിക്ക് ഒരു പെണ്‍കുഞ്ഞുണ്ട്. അഞ്ജലിയും അനീഷും വിവാഹമോചിതരായശേഷം അഞ്ജലിയുടെ സംരക്ഷണയിലാണ് മകള്‍ ആവണി.
ഇപ്പോഴിതാ മകളെ കുറിച്ച് അനീഷ് ഉപാസന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മകളെ പിറന്നാളിന് മാത്രമെ താൻ വിളിക്കാറുള്ളുവെന്നും കണ്ടിട്ട് രണ്ടര വർഷമായിയെന്നും അനീഷ് പറയുന്നു. ‘‘മോളെ കണ്ടിട്ട് കുറേയായി. രണ്ടര വർഷമൊക്കെയായി. ബർത്ത് ഡെയ്ക്ക് മാത്രമാണ് ഞാൻ അവളെ കോണ്ടാക്ട് ചെയ്യുക. അവള് അങ്ങനെ ഫോണൊന്നും എടുക്കില്ല. ഏപ്രില്‍ പത്തിനാണ് പിറന്നാള്‍. അന്ന് അവള് ഫോണ്‍ എടുക്കും. ഞാൻ വിഷ് ചെയ്യും... കഴിഞ്ഞു. പിന്നെ അടുത്ത ഒരു കൊല്ലം വെയിറ്റ് ചെയ്യണം സംസാരിക്കണമെങ്കില്‍. നമ്മളങ്ങോട്ട് പോകുമ്പോള്‍ അവർ ഡിസ്റ്റർബ്ഡാണെങ്കില് നമ്മള് അങ്ങോട്ടെന്നല്ല എങ്ങോട്ടും പോകാതിരിക്കുന്നതാണ് നല്ലത്.
അവരിപ്പോള്‍ നല്ല ഹാപ്പിയായിട്ട് പോകുന്നുണ്ട്. അവർ ഹാപ്പിയായി പോകുന്നതുകൊണ്ട് മകളും ഓക്കെയാണ്. അവള് സിനിമയിലൊക്കെ അഭിനയിക്കുന്നുണ്ട്. പിന്നെ നമ്മള് അങ്ങോട്ട് പോയാല്‍ ചിലപ്പോള്‍ അത് ഒരു അധിക പറ്റാകും... ഡിസ്റ്റർബ്ഡാകും. ചുമ്മാ എന്തിനാണ് അതൊക്കെ... അവരും നന്നായി ഇരിക്കുന്നു... ഞാനും ഇവിടെ നന്നായി ഇരിക്കുന്നു. കുറച്ചാകുമ്പോള്‍ വരണമെങ്കിലും കാണണമെങ്കിലും ഞാൻ ഇവിടെയുണ്ടല്ലോ.
ഡോർ തുറന്നാണ് കിടക്കുന്നത് എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം. ആവണി എന്നുള്ള പേര് മകള്‍ക്കിട്ടത് സുരേഷ് ഗോപി ചേട്ടനാണ്. ഞങ്ങള്‍ വേറെ കുറേപ്പോരൊക്കെ നോക്കി കുറച്ച് ലിസ്റ്റൊക്കെയായി ചേട്ടന്റെ അടുത്ത് പോയി. സുരേഷേട്ടൻ അഞ്ജലിയുടെ ഫാമിലി ഫ്രണ്ടാണ്. അങ്ങനെയാണ് എനിക്ക് പരിചയം. കോടീശ്വരൻ നടക്കുന്ന സമയമാണ്.
അങ്ങനെ അദ്ദേഹത്തിന് അടുത്ത് പോയി പേരുകള്‍ പറഞ്ഞപ്പോള്‍ ആവണിയെന്ന് വെച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. എന്നെ കാണമെന്നുള്ള ആഗ്രഹം മകള്ക്കുണ്ടോയെന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ ഇല്ലായിരിക്കാം. അല്ലെങ്കില്‍ ഞാൻ ഇവിടെ ഇല്ലെന്നാകും പറഞ്ഞിട്ടുണ്ടാവുക... എനിക്ക് അറിയില്ല എന്താണ് സംഭവമെന്ന്.
വർഷത്തില്‍ ഒരിക്കലാണ് വിളിക്കാറ്. ആ ഡേറ്റ് കഴിഞ്ഞ് പിന്നെ വിളിച്ചാല്‍ അവർ ഫോണെടുക്കാറില്ല. ആവണിക്ക് ഫോണുണ്ടെന്നാണ് ഞാൻ കേട്ടത്. പിന്നെ ഞാൻ നോക്കിയപ്പോള്‍ അവരൊക്കെ ഹാപ്പിയായിട്ടാണ് പോകുന്നത്. സോഷ്യല്‍മീഡിയയിലാണ് കാണാൻ പറ്റുന്നത്.
അവർ നന്നായിട്ടാണ് പോകുന്നത്. അതിന്റെ ഇടയില്‍ എന്റെ ഫോണ്‍ എന്താണ് എടുക്കാത്തതെന്ന് ചോദിച്ച് തർക്കം കൂട്ടുന്നതിനേക്കാള്‍ നല്ലത്... ഞാൻ ഇവിടെയുണ്ടെന്ന് അവർക്ക് അറിയാമല്ലോ. അവർ എപ്പോഴെങ്കിലും വിളിച്ചോളും. ഞാൻ മൊത്തത്തില്‍ ഈ പ്രശ്നങ്ങള്‍ക്ക് പോകാത്തൊരാളാണ്. മാറി നില്ക്കും. എന്തിനാണ് ഡിസ്റ്റർബ് ചെയ്യുന്നത്.
നന്നായിട്ട് പോകുന്ന ഒരു ഫാമിലിയുടെ ഇടയില്‍ ഞാൻ പോയി ബഹളം ഉണ്ടാക്കിയാല്‍ അത് മൊത്തത്തില്‍ താളം തെറ്റും. അത് കുഞ്ഞിനും വലിയ ബുദ്ധിമുട്ടാകും. വരാന്ന് പറയാറുണ്ട്... പക്ഷെ വരാറില്ല. അതിലൊന്നും പരാതിയില്ല. ഓക്കെയാണ്.... മറ്റൊരു വിവാഹം എന്നതിനെ കുറിച്ച് അമ്മ എപ്പോഴും പറയാറുണ്ട്. അതുകൊണ്ട് ഇപ്പോള്‍ അമ്മയുടെ അടുത്ത് പോകാറില്ല. വീട്ടില്‍ ഓപ്പണ്‍ കിച്ചണായതുകൊണ്ട് അമ്മ ഇങ്ങോട്ട് വരാറുമില്ല...’’ മകളെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ അനീഷ് പറഞ്ഞത് ഇങ്ങനെയാണ്. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അനീഷ് ഉപാസന ഇങ്ങനെ പറഞ്ഞത്.






