
മലയാളത്തില്‍ ആരും ഇഷ്ടപ്പെടുന്ന ചുറുചുറുക്കുള്ള കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകമനസ്സിലിടം പിടിച്ച ചിയാന്‍ വിക്രം പിന്നീട് തന്റെ താരപരിവേഷം പ്രകടിപ്പിച്ചത് തമിഴിലാണ്. 1993 ൽ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രത്തിലൂടെയാണ് ചിയാൻ വിക്രം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് നായകനൊപ്പം തോളോട് തോള് ചേര്‍ന്നു നില്ക്കുന്ന ഒരുപാട് സഹനായക വേഷങ്ങള്‍. തമിഴില്‍ സേതു എന്ന ചിത്രം സൂപ്പര്‍ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചതോടെ വിക്രം എന്ന താരം സൂപ്പര്‍താരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നു. തമിഴില്‍ തിളങ്ങി നില്ക്കുന്ന താരമാണിപ്പോള്‍ വിക്രം. വിക്രത്തിനൊപ്പം ഒരു സിനിമ കിട്ടുക എന്നത് തന്നെ പല അഭിനേതാക്കളും വലിയൊരു ഭാഗ്യമായിട്ടാണ് കരുതുന്നത്.
ഇപ്പോഴിതാ വിക്രത്തിനൊപ്പമുള്ള ചിത്രം പങ്കിട്ട് ആ സന്തോഷം ഷെയര്‍ ചെയ്യുകയാണ് മലയാളത്തിന്റെ പ്രിയ താരം സുരാജ് വെഞ്ഞാറമൂട്. വിക്രത്തിനെ ചേര്‍ത്തു പിടിച്ച് നിറഞ്ഞ ചിരിയോടെ നില്ക്കുന്ന ചിത്രം സുരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ചിയാന്‍ വിക്രത്തിനെ ടാഗ് ചെയ്ത ചിത്രത്തില്‍ വീര ധീര ശൂര എന്ന ഹാഷ് ടാഗും സുരാജ് നല്‍കിയിട്ടുണ്ട്.
സുരാജ് പങ്കിട്ട ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ‘ഏറ്റവും വലിയ രണ്ടു ദ്രുവങ്ങൾ, ചിയാന്‍ ആന്‍ഡ് സുരാജേട്ടന്’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.
താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ‘വീര ധീര ശൂരൻ: ഭാഗം 2’ വില്‍ മലയാള നടൻ സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നുണ്ട്. മലയാളത്തിന്റെ പ്രിയ താരമായ സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ചിത്ത ഫെയിം എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം.
തമിഴില്‍ പല നടന്മാരും ഒഴിവാക്കി വിട്ട ബാല സംവിധാനം ചെയ്ത സേതു എന്ന ചിത്രത്തിലൂടെ വിക്രമിന്റെ തലവര തന്നെ മാറുകയായിരുന്നു. അതിന് ശേഷമാണ് ചിയാൻ എന്ന പേരും താരത്തിന് കിട്ടിയത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തമിഴ് ആരാധകരുടെ താരരാജാവ് കൂടിയാണ് വിക്രമിപ്പോള്.






