
ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന താരമാണ് വിദ്യ ബാലന്. എന്നാല്‍ വിദ്യ ബാലന് അഭിനയം തുടങ്ങിയത് മലയാളത്തിലായിരുന്നു,
മോഹലാലിനൊപ്പം ‘ചക്രം’ എന്ന സിനിമയിലായിരുന്നു ഇത്. എന്നാല്‍, പിന്നീട് ഈ സിനിമ മുടങ്ങി പോകുകയായിരുന്നു. പിന്നീട് താരം തിളങ്ങിയത് ബോളിവുഡിലാണ്. ഹിന്ദി സിനിമകളില്‍ കരുത്തുറ്റ നായിക വേഷങ്ങള്‍ ചെയ്ത താരം പിന്നീടൊരു മലയാള സിനിമയില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. മലയാളിയായിട്ടും ഉറുമി മാത്രമാണ് നടി അഭിനയിച്ച് സ്ക്രീനില്‍ എത്തിയ ഒരേയൊരു മലയാള സിനിമ.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കോമഡി വേഷങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓർമ വരുന്നത് ഉർവശിയെയാണെന്ന് പറയുകയാണ് നടി. ‘‘ഉർവശി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ്. ബോളിവുഡില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കോമഡി റോളുകള്‍ അങ്ങനെ ലഭിക്കാറില്ല. കോമഡി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓർമയില്‍ വരുന്നത് ഉർവശിയെയാണ്. പിന്നെ ശ്രീദേവിയെയും. ഇൻസ്റ്റഗ്രാമിലെ കോമഡി റീലുകള്‍ ചെയ്യുന്നതില്‍ ഞാൻ അതീവ സന്തോഷവതിയാണ്. ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമിന്റെ വരവോടെ കൂടുതല്‍ മലയാള സിനിമകള്‍ കാണാൻ കഴിയുന്നുണ്ട്.
മലയാളത്തില്‍ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. നല്ല കഥാപാത്രം ലഭിച്ചാല്‍ മലയാളത്തില്‍ തീർച്ചയായും അഭിനയിക്കും. അങ്ങനെയുള്ള വർക്കുകള്‍ വരട്ടെയെന്നും താരം കൂട്ടിച്ചേർത്തു....’’ വിദ്യ ബാലന് പറയുന്നു.
കാർത്തിക് ആര്യൻ നായകനാകുന്ന ഭൂല്‍ ഭുലയ്യ 3 ആണ് വിദ്യാ ബാലന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. മഞ്ജുളിക എന്ന കഥാപാത്രമായിട്ടാണ് വിദ്യയെത്തുന്നത്. മാധുരി ദീക്ഷിതും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഭൂല്‍ ഭുലയ്യ ആദ്യ ഭാഗത്തിലും ഒരു പ്രധാന വേഷത്തില്‍ വിദ്യാ എത്തിയിരുന്നു.






