
കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു വോട്ടുചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ അനേ്വഷണം സജീവമാക്കി ക്രൈംബ്രാഞ്ച്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളിലായി നിരവധികേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചു വോട്ടുചെയ്തെന്നാണു പരാതി.
പാലക്കാട് ഉപതെരഞ്ഞെടുപ്പു പ്രചാരണം ഉൗര്ജിതമായിരിക്കേയാണു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം. തന്റെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചു വോട്ട് ചെയ്തെന്ന ആരോപണവുമായി മുവാറ്റുപുഴയിലെ മുന്‍ പ്രാദേശിക നേതാവ് ജുവൈസ് മുഹമ്മദ് ആണ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ചു മൂവാറ്റുപുഴ പോലീസില്‍ പരാതിയും നല്കി. ഇൗ കേസില്‍ അനേ്വഷണം എങ്ങുമെത്തിയിട്ടില്ല. ഇൗ മാസം 21-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ച സഹചര്യത്തിലാണു നടപടിയെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഹുലിനെ ലക്ഷ്യമിട്ടാണ് അനേ്വഷണം ഉൗര്‍ജിതമാക്കുന്നത്.
സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യൂത്ത് കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചപ്പോഴാണു പലര്‍ക്കും തന്റെ പേരില്‍ മെമ്പര്‍ഷിപ്പ് എടുത്തതായി കണ്ടതെന്നാണു ജുവൈസിന്റെ പരാതിയില്‍ പറയുന്നത്. മെമ്പര്‍ഷിപ്പ് എടുക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡും എട്ടു സെക്കന്‍ഡ് വീഡിയോയും ഉള്‍പ്പെടെ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാല്‍, ഇതൊന്നും ചെയ്തിട്ടില്ല. വീഡിയോ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതായി സംശയമുണ്ടെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്വമുണ്ടെന്നും വി.ഡി സതീശനടക്കം പങ്കുണ്ടെന്നും ആരോപിച്ചു ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതൃത്വവും ഡി.ജി.പിക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണു കേസെടുത്ത് അനേ്വഷണമാരംഭിച്ചത്. അതേസമയം, വ്യാജ ഐ.ഡി. കാര്‍ഡുകള്‍ ആപ്പ് ഉപയോഗിച്ചു നിര്‍മിച്ചെന്നു കാട്ടി യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്കു പരാതി നല്‍കിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ കുറ്റിപ്പുറത്തു വിജയിച്ച മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദ് ആരാണെന്ന് അറിയില്ലെന്നും അദ്ദേഹത്തെ കാണാനില്ലെന്നും പ്രവര്‍ത്തകര്‍തന്നെ പറഞ്ഞതോടെയായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഭവങ്ങളുടെ തുടക്കം.
