
തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന താരറാണിയാണ് സമാന്ത റൂത്ത് പ്രഭു. താരത്തിന്റെ സിനിമാജീവിതം പോലെ തന്നെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളതാണ്. നാഗചൈതന്യയുമായി ദീര്‍ഘകാലമായിട്ടുള്ള പ്രണയവും പിന്നീടുണ്ടായ വിവാഹവും അതിനു കുറെക്കാലത്തിനു ശേഷമുണ്ടായ വിവാഹമോചനവുമൊക്കെ വളരെപ്പെട്ടെന്നായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്.
പിന്നീടാണ് സമാന്തയ്ക്ക് ചില ശാരീരിക അസുഖങ്ങള്‍ ഉണ്ടായത്. ഈ പ്രശ്നങ്ങളെല്ലാം ധൈര്യത്തോടെയാണ് താരം നേരിട്ടത്. എല്ലാ വെല്ലുവിളികള്‍ക്കിടയിലും കരിയറിലും താരം തിളങ്ങി നിന്നു. താരത്തിന്റെ ഏറ്റവും പുതിയ വെബ് സിരീസ് ‘സിറ്റാഡല്‍-ഹണ്ണി ബണ്ണി’യും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഇപ്പോഴിതാ സിറ്റാഡെല്‍ ഹണി ബണ്ണി എന്ന പുതിയ വെബ് സീരിസിന്റെ പ്രൊമോഷൻ പരിപാടിക്കിടെ പൊതുവേദിയില്‍ വികാരാധീനയായ സാമന്ത റൂത്ത് പ്രഭുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബോളിവുഡ് താരം വരുണ്‍ ധവാനൊപ്പം പങ്കെടുത്ത വെബ്സീരിസുമായി ബന്ധപ്പെട്ട പ്രാെമോഷൻ പരിപാടിയിലാണ് താരം കരച്ചിലിന്റെ വക്കോളമെത്തിയത്. വരുണ്‍ ധവാന്റെ പരാമർശമാണ് താരത്തെ വികാരാധീനയാക്കിയത്.
‘‘ഞാനും നടാഷയും ഞങ്ങളുടെ കുടുംബം തുടങ്ങാൻ ആഗ്രഹിച്ചത് പ്രധാന കാലഘട്ടമായിരുന്നു. എനിക്കായി ഒരു കുടുംബം എന്ന് ഞാൻ കൊതിച്ചിരുന്നു. ബണ്ണി എന്ന കഥാപാത്രവുമായി ഇഴുകിചേരാനായതിന് പിന്നിലും കുടുംബമെന്ന കാരണമാണ്...’’വരുണ്‍ ധവാൻ പറഞ്ഞു.
ഇതു കേട്ടതിന് പിന്നാലെയാണ് സാമന്ത വേദിയില്‍ വികാരാധീനയായത്. താരം കരച്ചിലടക്കാൻ പാടുപെടുന്നവെന്ന കാര്യം വീഡിയോയിലൂടെ വ്യക്തമാണ്. പരാമർശം കേട്ടതിന് പിന്നാലെയുള്ള നടിയുടെ വികാര വിക്ഷോഭങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ആരാധകരില്‍ പലരും ‘ഹൃദയഭേദകം’ എന്നാണ് അതിനെക്കുറിച്ച് കമന്റിലൂടെ അറിയിച്ചത്. താരം കുഞ്ഞിനായും ഒരു കുടുംബത്തിനായും ആഗ്രഹിച്ചിരിക്കെയാണ് വിവാഹമോചനം നടന്നതെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു.






