
മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ നോട്ടവും ഭാവവും ചടുലമായ നൃത്തരംഗങ്ങളുമായ ശോഭന എന്ന അഭിനേത്രിയെക്കുറിച്ചോര്ക്കുമ്പോള് ആദ്യം മലയാളിയുടെ മനസ്സിലേക്ക് എത്തുന്നത്. താത്പര്യമില്ലാതെ വെള്ളിത്തിരയിലെത്തിയെങ്കിലും അഭിനയം പിന്നീട് ശോഭനയ്ക്ക് ഒരു പാഷനായി മാറിയിരുന്നു. എന്നാല്‍ നൃത്തം അങ്ങനെയല്ല, അറിഞ്ഞു തുടങ്ങിയ നാള് അത് താരത്തിന്റെ ജീവവായുവാണ്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം താരം നല്കിയതും സമര്‍പ്പിച്ചതും നൃത്തത്തിനു വേണ്ടിയാണ്.
ജീവശ്വാസം പോലെ നൃത്തത്തെ കൂടെക്കൂടിയ താരം ഇന്നും നൃത്തവേദികളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം അതിലൂടെ കൂടുതലായി പങ്കിടാറുള്ളതും നൃത്ത വീഡിയോകളും ശിഷ്യര്‍ക്ക് നൃത്തം അഭ്യസിക്കുന്നതുമായ വീഡിയോകളാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും പല വേദികളിലും തന്റെ നൃത്തപാടവത്തിലൂടെ ആസ്വാദകരുടെ കൈയടി നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നൃത്തത്തിനിടെ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ നൃത്തത്തിന് യാതൊരു തടസവും വരാതെ ഭംഗിയായി കൈകാര്യം ചെയ്യുന്ന നിരവധി വീഡിയോകള്‍ താരത്തിന്റേതായി സോഷ്യല്‍ മീഡിയയിലൂടെ മുന്‍പും വന്നിട്ടുണ്ട്.
ഇപ്പോഴിതാ നൃത്തം ചെയ്യുന്നതിനിടെ താരത്തിന്റെ സാരിയുടെ അറ്റം അഴിഞ്ഞു പോകുന്നതും വളരെ തന്മയത്വത്തോടെ ശോഭനയത് ശരിയാക്കുന്നതുമായ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. തന്റെ പ്രിയപ്പെട്ട ശിഷ്യയായ ശ്രീവിദ്യ ശൈലേഷിനൊപ്പം നൃത്തം ചെയ്യവേയാണ് ആ സംഭവം ഉണ്ടായത്. സാരിയായിരുന്നു നൃത്ത വേഷമായി ശോഭനയും ശ്രീവിദ്യയും ധരിച്ചിരുന്നത്. വേദിയില്‍ രണ്ടുപേരുമുണ്ടെങ്കിലും ആസ്വാദകരുടെ കണ്ണുകളെല്ലാം ഉടക്കുന്നത് പതിവു പോലെ ശോഭനയില്‍ തന്നെയായിരുന്നു.
ഇതിനിടെയാണ് പെട്ടെന്ന് മുന്‍ഭാഗത്തു നിന്നും താരത്തിന്റെ സാരി താഴേക്ക് അഴിഞ്ഞു വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. തൊട്ടടുത്ത നിമിഷം അല്‍പ്പം ഞെട്ടലോടെ ശോഭനയത് കാണുന്നുമുണ്ട്. താരം ഉടന്‍ തന്നെ രണ്ടു സ്റ്റെപ്പ് തിരിഞ്ഞു നടക്കുകയും അഴിഞ്ഞുപോയ സാരിയുടെ തുമ്പ് കൂട്ടിപ്പിടിച്ചെടുത്ത് നാടന്‍ സ്റ്റൈലില്‍ മടിക്കുത്തിലേക്ക് എടുത്തുകുത്തുകയും ചെയ്യുകയാണ് താരം. ഈ ഇടവേളയില്‍ ശിഷ്യയായ ശ്രീവിദ്യ വേദിയില്‍ നൃത്തം ചെയ്യുകയും ചെയ്തു. ഒട്ടും സമയം കളയാതെ പിന്നാലെ തന്നെ ശോഭന തിരിച്ചെത്തുകയും നൃത്തം പുനരാരംഭിക്കുകയും ചെയ്തു.
വളരെപ്പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഈ ദൃശ്യങ്ങള്‍ വൈറലായി. ‘ഇതു തന്നെയാണ് താരമിന്നും പ്രേക്ഷകരുടെ പ്രിയതാരമായി തുടരുന്നതിന് കാരണം, അന്നുമിന്നും ശോഭനയ്ക്ക് പകരം ശോഭന മാത്രമാണ്’ എന്നതടക്കമാണ് ആരാധകര്‍ നല്കുന്ന കമന്റുകള്‍.
മുന്‍പ് വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ എല്ലാവരും ഫോട്ടോ എടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും കണ്ടപ്പോള്‍ ‘അതു ചെയ്തുകൊണ്ടിരിക്കാതെ നൃത്തം ചെയ്യുന്നത് ശ്രദ്ധിക്കൂ.. അല്ലെങ്കില്‍ കാമറ പിടിച്ചുവാങ്ങും’ എന്നു രസകരമായി താരം പറയുന്ന വീഡിയോ വൈറലായിട്ടുണ്ട്. നൃത്തം ചെയ്യുന്നതിനിടെ പാട്ടു കേള്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നതോടെ സംഘാടകരോട് താരം വേദിയില്‍ വെച്ചു തന്നെ പ്രതികരിച്ച സംഭവവുമുണ്ട്. തനിക്ക് ശരിയെന്നു തോന്നുന്നത് എന്താണോ അതാരുടേയും മുഖവും സ്ഥാനവും നോക്കാതെ പ്രതികരിക്കുകയും പറയുകയും ചെയ്യുന്ന ശോഭനയുടെ കളങ്കമില്ലാത്ത സ്വഭാവമാണ് താരത്തെ മറ്റുള്ള അഭിനേത്രികളില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.
സിനിമയില്‍ നിന്ന് ഇടവേളയെടുത്തു നില്ക്കുന്ന താരം ഇടയ്ക്കിടെ ചില സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകപ്രീതി നേടുന്നുണ്ട്. അപ്പോഴും താരം നൃത്തത്തില്‍ സജീവമാണ്. നര്ത്തകിയെന്നതിനൊപ്പം നൃത്ത അധ്യാപികയും ഡാന്‍സ് കൊറിയോഗാഫറുമാണ് ശോഭന. അഭിനയിക്കുന്ന സമയത്ത് ചില സിനിമകളില്‍ തരം കൊറിയോഗ്രാഫ് ചെയ്തിട്ടുമുണ്ട്. രാവണന് എന്ന തമിഴ് ചിത്രത്തില്‍ ഐശ്വര്യ റായുടെ നൃത്ത രംഗങ്ങള്‍ ചിട്ടപ്പെടുത്തിയത് ശോഭനയാണ്. ക്ലാസിക്കല്‍ നൃത്തത്തില്‍ പരമ്പരാഗത ചട്ടക്കൂടുകളില്‍ മാത്രം ഒതുങ്ങാതെ തന്റെ ഡാന്‍സ് ഷോകളെ വ്യത്യസ്തമായി ക്രിയേറ്റീവായി അവതരിപ്പിക്കാന്‍ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.






