
കിളിമാനൂർ കാരേറ്റ് മധ്യവയസ്കനെ കഴുത്തറുത്ത് കൊന്ന കേസിൽ അയൽവാസി സുനിൽ കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്തതിനാണ് ഇന്നലെ രാത്രി സുനിൽ കുമാർ അയൽ വാസിയായ ബാബു രാജിനെ കഴുത്തറുത്ത് കൊന്നത്.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. സുനിൽ കുമാർ മദ്യപിച്ചെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
മുമ്പ് റോഡിലൂടെ പോകുന്നവരെ മർദ്ദിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്നലെയും മദ്യപിച്ചെത്തി ബഹളം വച്ച സുനിൽ കുമാറിനെ, ബാബുരാജ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ സുനിൽ കുമാർ കത്തികൊണ്ട് ബാബുരാജിൻ്റെ കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
കഴുത്തറത്ത ശേഷവും ഇയാൾ കത്തിയുമായി സ്ഥലത്ത് തുടർന്നതോടെ ബാബുരാജിന്റെ സമീപത്തേക്ക് പോകാനോ ആശുപത്രിയിലേക്ക് മാറ്റാനോ നാട്ടുകാർക്ക് ആയില്ല. ഒടുവിൽ പോലീസെത്തി സുനിൽ കുമാറിനെ അറസ്റ്റ് ചെയ്ത് മാറ്റിയതോടെയാണ്, ബാബുരാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.കഴുത്തിന് വലതു ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമായത്. മരിച്ച ബാബു രാജ് ചുടുകട്ട കമ്പനിയിലെ ജീവനക്കാരനാണ്.






