
2024-25 അധ്യയന വർഷത്തിൽ 10, 12 ക്ലാസ്സുകളിൽ ഓപ്പണ്‍ ബുക്ക് പരീക്ഷയെന്ന പ്രചാരണം തള്ളി സിബിഎസ്ഇ. ഓപ്പണ്‍ ബുക്ക് പരീക്ഷയാണ് സിബിഎസ്ഇ നടത്തുകയെന്ന വ്യാജ പ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നറിയിപ്പ് നൽകുന്ന വിജ്ഞാപനം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തിറക്കിയത്.
2025ലെ ബോർഡ് പരീക്ഷ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ബോർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വരുന്ന അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നാണ് സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൽകുന്ന നിർദേശം. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തിയ്യതി നവംബർ അവസാനത്തോടെ അറിയാനാകും.
സിബിഎസ്ഇ ബോർഡ് പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ നേരത്തെ സിസിടിവി നിർബന്ധമാക്കി ഉത്തരവ് വന്നിരുന്നു. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. നിരീക്ഷണം കർശനമാക്കി പരീക്ഷകളുടെ സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിബിഎസ്ഇ അറിയിച്ചു.






