
ചെന്നൈ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയില്‍ വച്ച് കൊലപ്പെടുത്തി യുവാവ്. 24കാരിയായ തഞ്ചാവൂര്‍ സ്വദേശി രമണിയാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂര്‍ മല്ലിപ്പട്ടണത്തെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ വച്ച് ഇന്ന് രാവിലെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മുപ്പതുകാരനായ മദന്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അധ്യാപിക കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് മദന്‍ കുമാര്‍ കത്തിയുമായി ക്ലാസിലെത്തിയത്. കുട്ടികളുടെ കണ്മുന്നില്വച്ച് യുവാവ് അധ്യാപികയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ തന്നെ രമണിയെ മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല






