
മലയാളസിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എ.ആര് റഹ്മാന് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധനേടിയിരുന്നു. അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ (HMMA) പുരസ്കാരങ്ങള്‍ക്കായുളള നാമനിര്‍ദേശ പട്ടികയില്‍ ആടുജീവിതം ഇടം നേടിയിരുന്നു.
മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുമായി രണ്ടു നാമനിര്‍ദേശങ്ങളാണ് ആടുജീവിതം നേടിയത്. ഇപ്പോഴിതാ ഹോളിവുഡ് മ്യസൂസിക് ഇന്‍ മീഡിയ പുരസ്കാരം എആര്‍ റഹ്മാനെ തേടിയെത്തിയിരിക്കുകയാണ്. മികച്ച പശ്ചാത്തല സംഗീതത്തിനുളള പുരസ്കാരമാണ് റഹ്മാന് നേടിയത്. ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാരം. റഹ്മാനു വേണ്ടി പുരസ്കാരം സംവിധായകന് ബ്ലെസി ഏറ്റുവാങ്ങി.
‘ഈ വലിയ അംഗീകാരത്തിന് നന്ദി. എആര്‍ റഹ്മാനു വേണ്ടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും നന്ദി,’- പുരസ്കാരം സ്വീകരിച്ചു കൊണ്ട് സംവിധായകന് ബ്ലെസി പറഞ്ഞു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ പുരസ്കാരം നേടുന്നത്.
റഹ്മാന് ഈണമിട്ട 'പെരിയോനെ' എന്ന ഗാനവും പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനാണ് 'പെരിയോനെ' എന്ന ഗാനം പരിഗണിക്കപ്പെട്ടത്. റഫീഖ് അഹമ്മദാണ് 'പെരിയോനേ' എന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.
ജിതിന് രാജാണ് ഗാനം ആലപിച്ചത്. ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റര്‍മാന്‍, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിള്‍ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനു പുറമേ ഫീച്ചര്‍ ഫിലിം ഗാന വിഭാഗത്തില്‍ മത്സരിച്ചത്.






