
മൂന്നു പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ കോമഡി സീരിയസ് വേഷങ്ങള്‍ ചെയ്ത് നിറഞ്ഞു നില്ക്കുന്ന താരമായ ചങ്കി പാണ്ഡേയുടെ മകള്‍ എന്ന ലേബലില്‍ ബോളിവുഡിലേക്കെത്തിയ താരമാണ് അനന്യ പാണ്ഡേ. സ്റ്റുഡന്റ് ഓഫ് ദ ഇയർ 2 ,പതി പട്നി ഔർ വോ എന്നീ റൊമാന്റിക് കോമഡി സിനിമകളിലൂടെയാണ് അനന്യ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.
സിനിമയില്‍ സൗഹൃദങ്ങള്‍ ഉണ്ടാകുന്നതും നിലനില്ക്കുന്നതും വളരെ അപൂര്‍വ്വമായ കാര്യമാണ്. എന്നാലതിനു വിപരീതമായി ബോളിവുഡിലെ ചില താരപുത്രിമാര്‍ തമ്മില്‍ വളരെ വലിയൊരു ആത്മബന്ധമുണ്ട്. അക്കൂട്ടത്തില്‍ പ്രധാനിയാണ് അനന്യ പാണ്ഡേ. അനന്യയുടെ ഏറ്റവുമടുത്ത സുഹൃത്താണ് ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന. കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് സുഹാനയും അനന്യയും തമ്മില്‍. അതുകൊണ്ടു തന്നെ ഷാരൂഖിന്റെ കുടുംബവുമായും അടുത്ത ബന്ധം അനന്യയ്ക്കുണ്ട്. സ്വന്തം കുടുംബം പോലെയാണ് അനന്യ എസ്ആര്‍കെയുടെ കുടുംബത്തെയും കാണുന്നത്.
ഇപ്പോഴിതാ മക്കളുടെ ഓരോ കാര്യങ്ങളിലും ഷാരൂഖ് എത്രത്തോളം ശ്രദ്ധ ചെലുത്താറുണ്ടെന്നും തന്നെയും അദ്ദേഹം മകളെ പോലെ പരിപാലിക്കുന്നുവെന്നും പറയുകയാണ് അനന്യ. ‘ഇമോഷണലി അവൈലബിള്‍ ആയ മനുഷ്യൻ’ എന്നാണ് അനന്യ ഷാരൂഖിനെക്കുറിച്ച് പറയുന്നത്. അനന്യ പറയുന്നു. നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ.
‘‘അദ്ദേഹത്തിനു അദ്ദേഹത്തിന്റേതായൊരു കരിഷ്മ ഉണ്ട്. അദ്ദേഹം പെരുമാറുന്ന രീതി അത് റിയലാണ്. മനസ്സിലുള്ളത് അതുപോലെ പറയും. അദ്ദേഹം എപ്പോഴും സത്യസന്ധനും റിയലുമാണ്. അദ്ദേഹം കോപിച്ചാല്‍, കോപിക്കുന്നു എന്നു തന്നെയാണ് അർത്ഥം; വികാരാധീനനാണെങ്കില് അദ്ദേഹം വികാരഭരിതനാവും. സന്തോഷവാനാണെങ്കില്‍ അതു പ്രകടിപ്പിക്കും. അദ്ദഹത്തിന്റെ എല്ലാ വശങ്ങളും നിങ്ങള്‍ക്കു കാണാനാവും.
അദ്ദേഹം അത്ഭുതപ്പെടുത്തുന്ന ഒരു പിതാവാണ്. അദ്ദേഹം തന്റെ മക്കള്‍ക്ക്,കുട്ടികള്‍ മാത്രമല്ല ഞങ്ങള്‍ക്കെല്ലാവർക്കും, വളരെയധികം സമയം നല്‍കിയിട്ടുണ്ട്. അദ്ദേഹം ഏറ്റവും തിരക്കുള്ള മനുഷ്യനാണെങ്കിലും, എപ്പോഴും തന്റെ കുട്ടികള്‍ക്കും അവരുടെ വിദ്യാഭ്യാസത്തിനും അവരുടെ കായിക വിനോദങ്ങള്ക്കുമൊക്കെയായി സമയം ചെലവഴിക്കും. ഞങ്ങളുടെ ഓരോ സ്പോർട്സ് ഡേയിലും അദ്ദേഹം വന്നിട്ടുണ്ട്, എന്റെ റിലേ മത്സരങ്ങള്‍ക്കായി അദ്ദേഹം എന്നെ പഠിപ്പിച്ചു, അദ്ദേഹം ഞങ്ങളോടൊപ്പം തായ്ക്വോണ്ടോ പരിശീലിക്കുമായിരുന്നു.
അദ്ദേഹം എന്നെയും ഷാനയയെയും ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചു, ഞങ്ങളോടൊപ്പം ഫുട്ബോള്‍ കളിക്കും, ഞങ്ങളുടെ ഹോം വർക്ക് ചെയ്യാൻ പോലും ഞങ്ങളെ സഹായിക്കുമായിരുന്നു. എന്ത് പ്രശ്നമുണ്ടായാലും നമുക്ക് അദ്ദേഹത്തെ വിളിക്കാം. വൈകാരികമായി ലഭ്യമായ ഒരു മനുഷ്യൻ എന്നതിന്റെ നിർവചനം എനിക്ക് അദ്ദേഹമാണ്.
യഥാർത്ഥ ജീവിതത്തിലും തന്റെ സിനിമകളിലും അദ്ദേഹം സ്ത്രീകള്‍ക്ക് നല്കിയ ബഹുമാനം...അമ്മമാരോട് അദ്ദേഹം പെരുമാറിയ രീതി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏതൊരു സ്ത്രീയോടും അദ്ദേഹം പെരുമാറുന്ന രീതി... അത് വലിയ മാറ്റമുണ്ടാക്കുന്നു. അതാണ് സ്ത്രീകളുടെ മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനം വരാനുള്ള കാരണം...’’ അനന്യ പറഞ്ഞു. രാജ് ഷാമണിയുടെ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് അനന്യ ഷാരൂഖിനെ കുറിച്ച് വാചാലയായത്.
ഷാരൂഖിനും ഭാര്യ ഗൗരി ഖാനും ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്നു മക്കളുണ്ട്. കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സ് ചിത്രമായ ദി ആർച്ചീസിലൂടെ സുഹാന അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. നെറ്റ്ഫ്ളിക്സിന്റെ പുതിയ സീരീസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആര്യൻ ഖാൻ.






