
ചര്‍മസംരക്ഷണം ഏത് കാലാവസ്ഥയിലും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വര്‍ജിക്കുന്നതും ചര്‍മസംരക്ഷണത്തില്‍ പ്രധാനമാണ്. ചര്‍മ്മം യുവത്വത്തോടെ ഇരിയ്ക്കാനും തിളക്കത്തോടെ നിലനില്ക്കാനും ആഗ്രഹിയ്ക്കാത്തവര്‍ വിരളമാണ്. ഇതിനായി വളരെ വലിയ തുക ചിലവഴിയ്ക്കുന്നവര് പോലുമുണ്ട്. ചര്‍മ്മം തിളക്കവും ആരോഗ്യകരവുമായി ഇരിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം....
* വെള്ളം - ചര്‍മത്തിലെ ജലാംശം വറ്റിയിട്ട് ഒന്നും ചെയ്തിട്ട് ഒരു കാര്യവുമില്ല. നല്ല ചര്‍മത്തിന് ആദ്യം വേണ്ടത് ദിവസവും ആവശ്യത്തിനു വെള്ളം കുടിക്കുക എന്നതു തന്നെയാണ്. ഇത് കൃത്യമായി ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടെ മുഖത്തിന് നല്ല തിളക്കവും ആരോഗ്യവും ഉറപ്പായും ലഭിക്കും. 3 ലിറ്റര്‍ വെള്ളമെങ്കിലും ദിവസം കുടിക്കാന്‍ ശ്രമിക്കുക.
* ഉറക്കം - ചര്‍മം നന്നാക്കണം എന്നുണ്ടെങ്കില്‍ ഉറക്കത്തിന്റെ കാര്യത്തിലും വേണം നല്ല ശ്രദ്ധ. സെലിബ്രിറ്റികള്‍ പറയുന്നത് കേള്‍ക്കാറില്ലേ എനിക്ക് എന്റെ ബ്യൂട്ടി സ്ലീപ് നിര്‍ബന്ധം ആണെന്ന്. കൃത്യമായി ഉറങ്ങുന്നവരെ അവരുടെ ചര്‍മം കണ്ട് മനസിലാക്കാന്‍ സാധിക്കും. കണ്ണിനടിയിലെ കറുപ്പ്, മുഖത്തെ പഫിനസ് ഒക്കെ ഉറക്കം നന്നായാല്‍ തനിയെ ശെരിയാവും.
* വ്യായാമം - വ്യായാമവും ചര്‍മവും തമ്മില്‍ എന്ത് ബന്ധം ആണെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? എങ്കില്‍ ഇവതമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ട്. ദിവസേന വ്യായാമം ചെയ്താല്‍ അത് ചര്‍മാരോഗ്യത്തില്‍ പ്രതിഫലിക്കും. ചര്‍മം തിളങ്ങും. അത് യോഗയോ, ജിമ്മില്‍ പോയുള്ള വര്‍ക്കൗട്ടോ അല്ലെങ്കില്‍ നടത്തമോ ആകാം. ഇതുമൂലം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടും. അതുകൊണ്ട് തന്നെ ഗുണങ്ങള്‍ പലതും കിട്ടും.
* ഭക്ഷണം - നല്ല ഭക്ഷണം കഴിച്ചെങ്കിലേ ആരോഗ്യമുള്ള ചര്‍മം ലഭിക്കുകയുള്ളു. നല്ല ഭക്ഷണമെന്നാല്‍, പോഷകസമ്പുഷ്ടമായ ഭക്ഷണം. സ്വാഭാവികമായി തിളങ്ങുന്ന ചര്‍മത്തിന് പോഷകസമ്പുഷ്ടമായ ഭക്ഷണം അത്യാവശ്യമാണ്. എണ്ണ പലഹാരങ്ങള്‍ ഒക്കെ ഭക്ഷണത്തില്‍ നിന്നും കഴിവതും ഒഴിവാക്കുക. അല്ലെങ്കില്‍ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് വഴിതെളിക്കും. കൂടാതെ മധുരം കഴിക്കുന്നത് ചര്‍മത്തെ വളരെ മോശമായി ബാധിക്കും. എത്രത്തോളം മധുരം ഒഴിവാക്കുന്നുവോ അത്രത്തോളം ചര്‍മത്തിന് നല്ലതാണ്.
* സണ്‍സ്ക്രീന്‍ - നിങ്ങളുടെ ദിനചര്യയില്‍ സണ്‍സ്ക്രീന്‍ ഒഴിച്ചുകൂടാതിരിക്കുക. സൂര്യനില്‍ നിന്ന് വരുന്ന, നമ്മുടെ ചര്‍മ്മത്തിന് കേടുവരുത്തുന്ന രശ്മികളില്‍ നിന്ന് സംരക്ഷണമൊരുക്കുകയാണ് സണ്‍സ്ക്രീന്‍ ചെയ്യുന്നത്. അതുകൊണ്ട് ഒരു ദിവസം പോലും സണ്‍സ്ക്രീന്‍ ഇടാതിരിക്കരുത്. അമിതമായി വെയിലേറ്റാല് അത് ചര്‍മത്തിനു സ്ഥിരമായ കേടുപാട് ഉണ്ടാക്കും. സ്കിന്‍ കാന്‍സറിന് വരെ ഇത് കാരണമാകാം.






