
ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്ര ജൊനാസ് മോഡലിംഗിലൂടെയാണ് ആരാധകരുടെ മുന്നില്‍ ആദ്യമായി എത്തിയത്. പിന്നീട് മിസ് ഇന്ത്യയായി മാറിയ താരം ബിഗ് സ്ക്രീനിലും തന്റെ കഴിവും മികവും പ്രകടിപ്പിച്ച് ബോളിവുഡിലെ സൂപ്പര്‍ഹീറോയിനായി മാറി. ബോളിവുഡിലെ മുൻനിര നായിക നടിയായിരിക്കെയാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് കടക്കുന്നത്. അവിടെയും മിന്നിത്തിളങ്ങാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞു. ഇന്ന് ഹോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് പ്രിയങ്ക.
ഇതിനിടയില്‍ താരം അമേരിക്കന്‍ പോപ്പ് ഗായകന് നിക്ക് ജോനസിനെ വിവാഹം ചെയ്തു. പ്രണയത്തിലൂടെ ഒന്നായ ഇവര്‍ 2018 ലാണ് ഇരുവരും വിവാഹിതരായത്. ആരാധകരുടെ പ്രിയ താര ദമ്പതികളാണ് നിക് ജോനസും പ്രിയങ്ക ചോപ്രയും. മാല്‍തി മേരി ചോപ്ര ജോനസ് എന്നാണ് പ്രിയങ്കയുടെയും നിക് ജോനസിന്റെയും മകളുടെയും പേര്. സറൊഗസി വഴിയാണ് ഇരുവരും മകളെ സ്വീകരിച്ചത്. താര വിവാഹം നടന്നിട്ട് ഇക്കഴിഞ്ഞ ദിവസം ആറ് വർഷം പൂർത്തിയായിരിക്കുകയാണ്.
ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തില്‍ നിക് ജോനാസിന്റെ അമ്മ ഡെനിസ് മില്ലർ ജോനസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച ആശംസയാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘‘ഞങ്ങളുടെ പ്രിയപ്പെട്ട മക്കള്‍ക്ക് വാർഷിക ആശംസകള്‍. നിക്ക് വിളിച്ച് ഞങ്ങളോട് ‘ഞാൻ ഒരാളെ കണ്ടെത്തി’ എന്ന് പറഞ്ഞ ദിവസം ഡാഡിയും ഞാനും ഒരിക്കലും മറക്കില്ല...’’ ഡെനിസ് മില്ലർ ജോനാസ് കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളും ആശംസകളും കുറിച്ചിട്ടുള്ളത്. നല്ല ഭർതൃമാതാവിനെയാണ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ചതെന്നതടക്കം ആരാധകര്‍ കമന്റുകളിടുന്നുണ്ട്. പോള്‍ കെവിൻ ജോനാസ് എന്നാണ് നിക് ജോനാസിന്റെ പിതാവിന്റെ പേര്.
സോഷ്യല്‍ മീഡിയ വഴി മെസേജ് അയച്ച് സൗഹൃദത്തിലായ ഇരുവരും വളരെ പെട്ടെന്ന് അടുത്തു. നിക് ജോനസിനെ പരിചയപ്പെടുന്ന സമയത്ത് താൻ തകർച്ചയുടെ വക്കിലെത്തിയ മറ്റൊരു ബന്ധത്തിലായിരുന്നെന്ന് പ്രിയങ്ക ചോപ്ര നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. നിക് ജോനസുമായി അടുക്കുമ്പോള്‍ പ്രിയങ്കയ്ക്ക് പല ആശങ്കകളുമുണ്ടായിരുന്നു. പ്രിയങ്കയെക്കാള്‍ പത്ത് വയസ് കുറവാണ് നിക് ജോനസിന്. 26-ാം വയസിലാണ് അന്ന് 36 കാരിയായ പ്രിയങ്ക ചോപ്രയെ വിവാഹം ചെയ്യുന്നത്. നിക് ജോനസ് ഈ പ്രായത്തില്‍ വിവാഹത്തിന് തയ്യാറാണോ എന്ന് പ്രിയങ്ക ചിന്തിച്ചിരുന്നു. എന്നാല്‍ വിവാഹവും കുടുംബ ജീവിതവുമാണ് നിക് ജോനാസ് അന്നേ സ്വപ്നം കണ്ടിരുന്നത്. ഒടുവില്‍ 2018 ല്‍ ആഘോഷപൂർവം വിവാഹം നടന്നു. പ്രിയങ്കയ്ക്ക് ഇന്ത്യയിലുള്ള പ്രശസ്തിയെക്കുറിച്ച് വിവാഹത്തിന് മുംബെെയില്‍ എത്തിയപ്പോഴാണ് നിക് ജോനസിന്റെ ബന്ധുക്കള്‍ അറിയുന്നത്.
പോപ് ഗായകനായ നിക് ജോനസ് ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുമുണ്ട്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ഇന്ന് പ്രിയങ്ക ചോപ്ര പ്രാധാന്യം നല്‍കുന്നുണ്ട്. ഹോളിവുഡ് പ്രൊജക്ടുകളാണ് താരമിന്ന് തുടരെത്തുടരെ ചെയ്യുന്നത്. ബോളിവുഡില്‍ താരമെത്തിയിട്ട് ഏറെക്കാലമായി. ക്വാണ്ടികോ എന്ന അമേരിക്കൻ ടെലിവിഷൻ സീരീസാണ് താരത്തിന്റെ കരിയര്‍ മാറ്റിമറിച്ചത്. പിന്നീട് ഹോളിവുഡില്‍ നിന്നും തുടരെ അവസരങ്ങള്‍ പ്രിയങ്കയെ തേടി വന്നു. സിറ്റാഡെല്‍ എന്ന സീരീസിലാണ് അടുത്തിടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തത്. ജീ ലേ സര എന്ന ബോളിവുഡ് ചിത്രം പ്രിയങ്ക പ്രഖ്യാപിച്ചെങ്കിലും ഏറെക്കാലമായി ഈ സിനിമ അനിശ്ചിതത്വത്തിലാണ്. ഷൂട്ടിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല.






