
അഭിനേതാവെന്ന നിലയില്‍ മാത്രമല്ല സംവിധായകനെന്ന നിലയിലും പ്രേക്ഷകരുടെ ഇഷ്ടവും സ്വീകാര്യതയും നേടിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ്. മാസ്സ് എന്റര്‍ടെയ്നറായി എത്തിയ ഈ സിനിമ പ്രേക്ഷകര്‍ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്. സിനിമ റിലീസ് ചെയ്തപ്പോള്‍ തന്നെ അതിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
‘ലൂസിഫര്‍’ പുറത്തിറങ്ങി ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം ഭാഗമായ ‘എമ്പുരാന്’ തിയേറ്ററുകളിലേക്ക് എത്തുന്നത്. കേരളപ്പിറവി ദിനത്തിലായിരുന്നു ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. റിലീസ് പ്രഖ്യാപനത്തിനൊപ്പം പുറത്തുവിട്ട പോസ്റ്ററിലെ തിരിഞ്ഞു നില്ക്കുന്ന രൂപം സിനിമയിലെ വില്ലനാകുമെന്ന ചര്‍ച്ചകളും വന്നിരുന്നു.
ഇപ്പോഴിതാ എമ്പുരാനിലെ വില്ലനെ കുറിച്ച് നടന് നന്ദു പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. വില്ലന്‍ ആരാണ് എന്നത് നാല് പേര്‍ക്ക് മാത്രമേ അറിയൂ എന്നാണ് നന്ദു പറയുന്നത്.
‘‘സത്യം പറഞ്ഞാല്‍ എമ്പുരാനില്‍ വില്ലന്‍ ആരാണെന്ന് എനിക്കും അറിയില്ല. ഇത് എഴുതിയ മുരളി ഗോപി, സംവിധായകന് പൃഥ്വിരാജ്, നിര്‍മ്മിക്കുന്ന ആന്റണി പെരുമ്പാവൂര്‍, ഇതിലെ നായകന് മോഹന്‍ലാല്‍ ഇവര്‍ നാല് പേര്‍ക്കേ അറിയുകയുള്ളൂ.
മോഹന്‍ലാലിന്റെ കഥാപത്രത്തിന് വേറൊരു മുഖം കൂടെ ഉണ്ടല്ലോ. രണ്ട് ട്രാക്ക് ഉള്ളത്കൊണ്ട് ഏതിലെയാ, എങ്ങനെയാ പോകുന്നത് എന്ന് അറിയില്ല. കാട് കയറി ചിന്തിക്കേണ്ട കാര്യം ഇല്ല. നമുക്ക് തന്നത് അഭിനയിച്ച് പോകുക എന്നതേയുള്ളൂ. ഇനി അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും എനിക്ക് അറിയേണ്ട എന്നേ ഞാന്‍ പറയൂ. ഇത് തിയേറ്ററില്‍ കാണുമ്പോള്‍ ഉള്ള ഒരു സുഖം ഇല്ലേ, അത് ഫീല്‍ ചെയ്താല്‍ മതി. കഥ അറിഞ്ഞാല്‍ ആ ഫീല്‍ പോയില്ലേ? ഈ സിനിമയെ സംബന്ധിച്ചിടത്തോളം തിയേറ്ററില്‍ കാണുമ്പോള്‍ ഉള്ള എക്സ്പീരിയന്‍സ് ആണ് വലുത്....’’ നന്ദു പറയുന്നു.
കഴിഞ്ഞ ദിവസം എമ്പുരാന്റെ ഷൂട്ടിംഗ് അവസാനിച്ച കാര്യം പൃഥ്വിരാജും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. മാർച്ച് 27നാണ് സിനിമ റിലീസ് ചെയ്യുക. 2023 ഒക്ടോബർ അഞ്ചിന് ഡല്‍ഹിയില്‍ ആണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ഷിംല, ലഡാക്ക്, യുഎസ്എ, യുകെ, മെക്സിക്കോ, റഷ്യ , ലണ്ടൻ, ഗുജറാത്ത്, ദുബായ്, റാസല്‍ഖൈമ, ഹൈദരാബാദ്, മുംബൈ, ചെന്നൈ, തിരുവനന്തപുരം, എറണാകുളം, വണ്ടിപ്പെരിയാർ, കുട്ടിക്കാനം എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ് പുരോഗമിച്ചത്.
മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സച്ചിന് ഖേദേക്കര്‍, മനോജ് കെ. ജയന്, ബോബി സിംഹ, സാനിയ അയ്യപ്പന് തുടങ്ങിയ വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം ദീപക് ദേവാണ്.






