
ആരാധകര്‍ ഏറെ നാളുകളായി കാത്തിരുന്ന താരവിവാഹമാണ് നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ച് ഡിസംബർ 4 നായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ക്ഷേത്രദര്‍ശനം നടത്തിയിരിക്കുകയാണ് താര ദമ്പതികള്‍. ആന്ധ്ര പ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാർജുന ക്ഷേത്രത്തിലാണ് ഇരുവരും ദർശനത്തിനെത്തിയത്.
താരദമ്പതികള്‍ക്കൊപ്പം നാഗാർജുനയും ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വെള്ള നിറമുള്ള മുണ്ടും ഷര്‍ട്ടുമാണ് നാഗ ചൈതന്യ ധരിച്ചിരിക്കുന്നത്. ഓറഞ്ച് ബ്ലൗസിനൊപ്പം മനോഹരമായ മഞ്ഞ സിൽക്ക് സാരിയിൽ ശോഭിതയെയും കാണപ്പെട്ടു. അതേസമയം പീച്ച് നിറമുള്ള കുര്‍ത്തയ്ക്കൊപ്പം കറുത്ത പൈജാമയാണ് നാഗാർജുന ധരിച്ചിരിക്കുന്നത്.
ക്ഷേത്ര പരിസരത്ത് വച്ച് കണ്ട പാപ്പരാസികളെ നോക്കി ശോഭിതയും നാഗ ചൈതന്യയും പുഞ്ചിരിക്കുന്നതും വിഡിയോയില്‍ കാണാം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നിരവധി സെലിബ്രിറ്റികളുമാണ് നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹത്തിൽ പങ്കെടുത്തത്. അല്ലു അര്ജുന് കുടുംബസമേതമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
ചിരഞ്ജീവി, റാം ചരൺ, മഹേഷ് ബാബു, കാർത്തി, അനുരാഗ് കശ്യപ്, എസ്എസ് രാജമൗലി തുടങ്ങി നിരവധി പേർ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ ചിത്രങ്ങള്‍ നാഗാര്‍ജുന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്ന് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.






