
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിനൊപ്പം ചിത്രത്തിലെ നായികമാരുടെ ഫാഷൻ സ്റ്റേറ്റ്മെന്റും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഐശ്വര്യറായും തൃഷയും ശോഭിതയുമെല്ലാം ചിത്രത്തിൽ ഉപയോഗിച്ച പരമ്പരാഗത ആഭരണങ്ങളും പ്രേക്ഷകരുടെ കണ്ണിലുടക്കിയിരുന്നു.
ഇപ്പോഴിതാ, പൊന്നിയിൻ സെൽവനിൽ നന്ദിനി (ഐശ്വര്യറായ്), കുന്ദവി (തൃഷ) എന്നിവർ അണിഞ്ഞ അതിമനോഹരമായ നെക്ലേസുകൾക്കു സമാനമായ ആഭരണങ്ങൾ നടി ശോഭിത ധൂലിപാലയുടെ വിവാഹചിത്രങ്ങളിൽ കണ്ട കൗതുകം പങ്കിടുകയാണ് ആരാധകർ.
പൊന്നിയിൻ സെൽവനിൽ തൃഷയും ഐശ്വര്യ റായിയും അണിഞ്ഞ അതേ മോഡൽ ആഭരണങ്ങളാണ് ശോഭിത തന്റെ ഡ്രീം ഡേയ്ക്കു വേണ്ടി തിരഞ്ഞെടുത്തത്. തൃഷയുടെ ചോക്കറും നെറ്റിച്ചുട്ടിയും ഐശ്വര്യറായ് ചിത്രത്തിൽ അണിഞ്ഞ നീണ്ട നെക്ലേസും ശോഭിത തിരഞ്ഞെടുത്തു.
ട്രെഡീഷണൽ ആഭരണങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച എല്ലാ ചടങ്ങുകളിലും ശോഭിത അണിഞ്ഞത്. മാണിക്യം, വജ്രം എന്നിവ പതിച്ച കുന്ദൻ ചോക്കർ, മീനകാരി ജുംകകൾ എന്നിവയെല്ലാം ടെമ്പിൾ ഡിസൈൻ ആഭരണങ്ങളെയാണ് ഓർമ്മപ്പെടുത്തുന്നത്.
വിശാലമായ ബോർഡറുകളുള്ള മെറ്റാലിക് ഗോൾഡൻ നിറത്തിലുള്ള കാഞ്ചീവരം സാരിയായിരുന്നു ശോഭിത വിവാഹത്തിനു അണിഞ്ഞത്. നീത ലുല്ലയാണ് ഈ സാരി ഡിസൈൻ ചെയ്തത്.
വിവാഹത്തിനു മുന്നോടിയായി നടന്ന രാത സ്ഥാപനത്തിനും മംഗളസ്നാന ചടങ്ങിനും ശോഭിത പാരമ്പര്യ ആഭരണങ്ങൾ തന്നെയാണ് ധരിച്ചത്.വൈറ്റ്- റെഡ് കോമ്പിനേഷനിലുള്ള മറ്റൊരു സാരിയും ശോഭിത വിവാഹചടങ്ങുകൾക്കായി അണിഞ്ഞു.പരമ്പരാഗതമായ രീതിയിലായിരുന്നു ശോഭിതയുടെ വിവാഹചടങ്ങുകളെല്ലാം തന്നെ.






