
ബച്ചന് കുടുംബത്തില്‍ എന്ത് നടക്കുന്നു എന്നറിയാനുള്ള ആകാംക്ഷ എപ്പോഴും ആരാധകര്‍ക്കുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ബിഗ് ബിയുടെ മകന് അഭിഷേക് ബച്ചനും മുന്‍ മിസ് ഇന്ത്യയും അഭിനേത്രിയുമായ ഐശ്വര്യ റായ് ബച്ചനും തമ്മില്‍ പിരിയാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. ഇരുവരും പൊതുവേദികളില്‍ രണ്ടായി പ്രത്യക്ഷപ്പെട്ടതും ഏകമകള്‍ ആരാധ്യയുടെ ജന്മദിനത്തില് അഭിഷേക് സോഷ്യല്‍ മീഡിയ വഴി ആശംസ പങ്കിടാതിരുന്നതും മറ്റ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പരസ്പരം മെന്‍ഷന്‍ ചെയ്യാതിരുന്നതുമടക്കം ചൂണ്ടിക്കാണിച്ചാണ് ആരാധകർ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ഇതേക്കുറിച്ചൊന്നും അഭിഷേകോ ഐശ്വര്യയോ പ്രതികരിച്ചിരുന്നില്ല. മകളുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഐശ്വര്യ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലെ ചിത്രങ്ങളില്‍ അഭിഷേക് ഇല്ലായിരുന്നു എന്നതും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.
പക്ഷേ ആരാധ്യയുടെ ജന്മദിനാഘോഷത്തില് അഭിഷേക് അടക്കം പങ്കെടുത്ത ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടതോടെ ഈ അഭ്യൂഹങ്ങള്‍ക്കും വിരാമമായി. കഴിഞ്ഞ ദിവസം രണ്ടാളും ഒരുമിച്ച് ഒരു വിവാഹച്ചടങ്ങളില്‍ പങ്കെടുത്ത ചിത്രങ്ങള്‍ കൂടി വന്നതോടെ ആരാധകര്‍ ഗോസിപ്പുകള്‍ അവസാനിപ്പിച്ചു.
ഇപ്പോഴിതാ നടൻ റിഥേഷ് ദേശ്മുഖിന്റെ ചാറ്റ് ഷോയില്‍ അഭിഷേക് ബച്ചൻ പങ്കെടുത്തതും റിഥേഷിന്റെ കളിയാക്കിയുള്ള ചോദ്യങ്ങള്‍ക്ക് അഭിഷേക് നല്കിയ മറുപടികള്‍ വീണ്ടും ഐശ്വര്യ അഭിഷേക് ബന്ധത്തില്‍ പ്രശ്നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. അഭിഷേകിനും ഐശ്വര്യയ്ക്കും ഉടൻ രണ്ടാമത്തെ കുഞ്ഞുണ്ടാകുമോ എന്നരീതിയിലായിരുന്നു റിഥേഷ് ചോദ്യം ചോദിച്ചത്. അതിനാണ് ചിരിച്ചു കൊണ്ട് അഭിഷേക് മറുപടി പറഞ്ഞത്.
റിഥേഷ്: അമിതാഭ് ജി, ഐശ്വര്യ, ആരാധ്യ, പിന്നെ നിങ്ങള്‍ അഭിഷേകും. നിങ്ങളുടെ എല്ലാവരുടെയും പേരുകള്‍ തുടങ്ങുന്ന ‘എ’ എന്ന അക്ഷരത്തിലാണ്. അപ്പോള്‍ (ചിരിച്ചുകൊണ്ട്) ജയ ആന്റിയും ശ്വേത ബച്ചനും എന്ത് തെറ്റാണ് ചെയ്തത്?
അഭിഷേക് ബച്ചൻ: ഇത് നിങ്ങള്‍ അവരോട് ചോദിക്കണം. അഭിഷേക്, ആരാധ്യ... എന്നിങ്ങനെയുള്ളത് ഞങ്ങളുടെ കുടുംബത്തില്‍ ഒരു ആചാരമായി മാറിയെന്നാണ് ഞാൻ കരുതുന്നത്.
റിഥേഷ്: അപ്പോള്‍ ആരാധ്യക്ക് ശേഷം?
അഭിഷേക് ബച്ചൻ: അത് നമുക്ക് അടുത്തതലമുറ വന്നതിന്ശേഷം നോക്കാം
റിഥേഷ്: ആരാണ് അത്രയും കാത്തിരിക്കുക? റിഥേഷ്, റിയാൻ പിന്നെ റാഹൈല് (തന്റെ രണ്ടുമക്കളുടെ പേരുകള്‍ താരം പറഞ്ഞു) അതുപോലെ അഭിഷേക്, ആരാധ്യ...
അഭിഷേക് ബച്ചൻ (നാണത്തോടെ ചിരിച്ച്): റിഥേഷ്, മൂത്തവരെ ബഹുമാനിക്കൂ. ഞാൻ നിങ്ങളെക്കാള്‍ മൂത്തവനാണ്...’’ എന്നാണ് അഭിഷേക് പറഞ്ഞത്. ഈ മറുപടിക്ക് പിന്നാലെ റിഥേഷ് അഭിഷേകിന്റെ കാലില്‍തൊട്ട് വന്ദിക്കുകയുംചെയ്തു.
റിഥേഷിന്റെ ‘കേസ് തോ ബന്താ ഹേ’ എന്ന ചാറ്റ് ഷോയിലാണ് നടൻ അഭിഷേക് ബച്ചൻ അതിഥിയായി എത്തിയത്. റിഥേഷും അഭിഷേകും ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നതു മാത്രമല്ല തമ്മില്‍ നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമാണ്. ‘ബ്ലഫ്മാസ്റ്റർ’, ‘ഹൗസ്ഫുള് 3’ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.






