
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് അധ്യക്ഷനായ ഭരണ പരിഷ്കാര കമ്മിഷന്റെ ശിപാര്ശകളില്നിന്നു സാധ്യമായവ തെരഞ്ഞെടുത്തു നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 111 ശിപാര്‍ശകളില്‍ മുക്കാല്‍ പങ്കും നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തുകയും ചെയ്തു.
ശിപാര്‍ശപ്രകാരം നടപ്പാക്കാന്‍ തീരുമാനിച്ച കാര്യങ്ങള്‍:
ജോലി ചെയ്യുന്ന ഓഫീസിന് 15 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ജീവനക്കാര്‍ താമസിക്കണമെന്ന നിബന്ധന ഇളവു ചെയ്ത് 20 കിലോമീറ്ററായി വര്‍ധിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരുടേത് 8 കിലോമീറ്ററില്‍നിന്നു 10 കിലോമീറ്ററാക്കി. റവന്യു, പോലീസ്, ആരോഗ്യ, തദ്ദേശ, അഗ്നിരക്ഷാ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസ് വളപ്പിനുള്ളിലോ പരിസരങ്ങളിലോ താമസസൗകര്യം ഒരുക്കും.
ഇതിനായി പൊതുമരാമത്ത്, സാമൂഹിക നീതി, ധന വകുപ്പുകളെ ചുമതലപ്പെടുത്തി. ക്വാര്‍ട്ടേഴ്സുകളില്‍ കുട്ടികള്‍ക്കായി ഡേകെയര്‍ സൗകര്യം ഒരുക്കും. ഫീല്‍ഡില്‍ പോയി ജോലി ചെയ്യേണ്ടി വരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇരുചക്ര വാഹനം ലഭ്യമാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ വകുപ്പുതല അനേ്വഷണം ആരംഭിച്ചാല്‍, ചെറിയ ശിക്ഷയുള്ള കേസുകളില്‍ 6 മാസത്തിനുള്ളിലും വലിയ ശിക്ഷയ്ക്കു സാധ്യതയുള്ളവയില്‍ ഒരു വര്‍ഷത്തിനകവും അനേ്വഷണം പൂര്‍ത്തിയാക്കണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അനേ്വഷണ കാലാവധി നീട്ടിനല്കാനാകൂ.
നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനു തന്നെ നടപടിക്കു വിധേയനായ ആള് അപ്പീല്‍ നല്‍കുന്നത് അവസാനിപ്പിക്കും. പകരം അപ്ലറ്റ് അതോറിറ്റിക്ക് നേരിട്ട് അപ്പീല്‍ നല്‍കാം. വകുപ്പുതല അനേ്വഷണത്തിന് ഒരാളെ നിയോഗിച്ചാല്‍ അയാള്‍ വിരമിച്ചാലല്ലാതെ ചുമതലയില്‍നിന്നു മാറ്റരുത്.
വിരമിക്കാനിരിക്കുന്നവരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനും വിരമിച്ച ശേഷമുള്ള ജീവിതം ആനന്ദകരമാക്കാനും ആവശ്യമായ കൗണ്‍സലിങ് നല്‍കും. വിരമിക്കുന്നതിനു 18 മാസം മുന്‍പ് ഒഴിവുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ സ്പാര്ക് സോഫ്റ്റ്വേര്‍ ഉപയോഗിക്കും. അര്‍പ്പണബോധത്തോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കു പാരിതോഷികം നല്‍കും. ആരോഗ്യ പരിശോധന സര്‍ക്കാര്‍ നേരിട്ടു നടത്തണോ അലവന്‍സ് കൈമാറിയാല്‍ മതിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പരിശോധിക്കും.






