
പാലാ: വികസിത രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള വേദനരഹിത സാധാരണപ്രസവം ഇനിമുതല്‍ കോട്ടയം ജില്ലയില്‍ സൗജന്യമായി സാധാരണക്കാര്‍ക്കും സാധ്യമാകുന്നു. ജില്ലയിലെ ഏതാനും സ്വകാര്യ ആശുപത്രികളില്‍മാത്രം ലഭ്യമായ ഈ സൗകര്യം ഇനിമുതല്‍ പാലാ കെ.എം.മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ കൂടി ലഭ്യമാകുന്നു. ഇതിനായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം.
വേദനരഹിതമായി പ്രസവിക്കുന്നതിന് എന്റോനോക്സ് വാതകമാണ് ഉപയോഗിക്കുന്നത്. ഇത് തികച്ചും അപകടരഹിതമാണ്. പ്രസവസമയം ഗര്‍ഭിണിയുടെ കൂടെ ഒരാള്‍ക്ക് നില്ക്കുവാനുള്ള സാഹചര്യവും ഒരുക്കുന്നു. 24 മണിക്കൂറും ഗൈനക്കോളജിസ്റ്റിന്റെ സേവനവും, പ്രസവാനന്തര സേവനങ്ങളും ഇവിടെ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നു. മാതൃകാപരമായ ഗവണ്മെന്റിന്റെ വിവിധ പദ്ധതികളായ മാതൃയാനം, മുസ്കാന്, ലക്ഷ്യ, ശലഭം എന്നീ നിരവധി പദ്ധതികളും ഗുണപ്രദമായ രീതിയില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ നടപ്പിലാക്കിവരുന്നു.
രോഗികള്‍ക്ക് വീട്ടിലിരുന്ന് ഇ- ഹെല്‍ത്ത് വഴി ഡോക്ടര്‍മാരെ കാണാനും, ബുക്ക് ചെയ്യാനുമുള്ള സംവിധാനമടക്കം നിരവധി മാറ്റങ്ങള്‍വരുത്തി. കഴിഞ്ഞവര്‍ഷത്തെ കായകല്പ് അവാര്‍ഡില്‍ കോട്ടയം ജില്ലയിലെ ഗവ .ജനറല്‍ ആശുപത്രികളില്‍ ഒന്നാം സ്ഥാനം നേടാനും പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിക്ക് സാധിച്ചിരുന്നു.
സത്രീകളുടെയും, കുട്ടികളുടെയും പ്രത്യേക ചികിത്സാവിഭാഗമടക്കം നിരവധിപ്രവര്ത്തനങ്ങളുമായി പാലാ ഗവ : ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷിന്റെ നേതൃത്വത്തില്‍ ഇനിയും മുന്നോട്ട് കുതിക്കാന്‍ ഒരുങ്ങുകയാണ് പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രി.






