
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ താരമാണ് വിജയ് സേതുപതി. മികച്ച കഥാപാത്രങ്ങളിലൂടെയും അഭിനയമികവിലൂടെയുമാണ് വിജയ് സേതുപതി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് ഇന്ന് ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആദരിക്കുന്ന താരമാണ്. ജൂനിയര്‍ ആര്ട്ടിസ്റ്റാകാന് പോലും നിന്നെ കൊളളില്ല, ഉയരമില്ല, കറുത്തവനാണ്, കാഴ്ചയില്‍ തീരെ ഭംഗിയില്ല എന്നതടക്കം പറഞ്ഞ് പരിഹസിച്ചവര്ക്കിടയിലൂടെ നടന്ന് പൊരുതി നേടിയതാണ് താരം ഇന്നത്തെ വിജയം. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാനും വിജയ് സേതുപതി ഒരിക്കലും മടിച്ചിട്ടില്ല.
ഇപ്പോഴിതാ വിടുതലൈ 2 പ്രൊമോഷനിടെ മറ്റ് താരങ്ങളുടെ സമീപകാലത്തെ പരാജയചിത്രങ്ങളെക്കുറിച്ച് ചോദിച്ച അവതാരകന്റെ വായടപ്പിക്കുകയാണ് വിജയ് സേതുപതി. തന്റെ റിലീസിന് ഒരുങ്ങുന്ന വിടുതലൈ 2 എന്ന ചിത്രത്തിന്റെ തെലുങ്ക് സംസ്ഥാനങ്ങളിലെ പ്രൊമോഷന് എത്തിയ താരത്തിനോട് തമിഴ് ബിഗ് ബജറ്റ് ചിത്രങ്ങളായ കങ്കുവ, ഗോട്ട് എന്നിവയുടെ തെലുങ്ക് പതിപ്പിന്റെ പരാജയത്തെക്കുറിച്ചുള്ള ചോദ്യം ചോദിച്ചു. അതിനാണ് താരം ഉഗ്രന്‍ മറുപടി നല്‍കിയത്. ഈ ചോദ്യത്തിന് താന്‍ എന്തിനാണ് മറുപടി പറയുന്നതെന്നും പരാജയങ്ങൾ എല്ലാവർക്കും സംഭവിക്കുന്ന കാര്യമാണെന്നും ഇപ്പോൾ ഇതിനെക്കുറിച്ച് ചോദിക്കേണ്ട കാര്യമെന്താണെന്നും വിജയ് സേതുപതി ചോദിക്കുന്നു.
‘‘പ്രൊമോഷനുവേണ്ടി വരുമ്പോള്‍ അത്തരം കാര്യങ്ങള്‍ ഞാന്‍ എന്തിനാണ് സര് സംസാരിക്കുന്നത്? അത് (പരാജയങ്ങള്‍) എനിക്കും സംഭവിച്ചിട്ടുണ്ട്. ആളുകള്‍ ട്രോള്‍ ചെയ്തിട്ടുണ്ട്. പരാജയം എന്നത് സാധാരണമാണ്. ബിസിനസ് തുടങ്ങുന്ന എല്ലാവരും വിജയിക്കാറില്ല. എല്ലാവര്ക്കും വിജയിക്കണമെന്നാവും ആഗ്രഹം. ഒരു ചെറിയ ഹോട്ടല്‍ തുടങ്ങുന്നയാള്‍ക്ക് അത് ലാഭമായി, വലിയ ഹോട്ടല്‍ ആക്കണമെന്നാവും ആഗ്രഹം. സിനിമയുടെ കാര്യവും അങ്ങനെതന്നെ. റിലീസിന് മുന്‍പ് ചുറ്റുമുള്ള ആളുകളെ നമ്മള് സിനിമകള്‍ കാണിക്കാറുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാനാണ് അത്. അവരുടെ അഭിപ്രായം അറിയാന്‍ വേണ്ടി..’’ വിജയ് സേതുപതി പറഞ്ഞു. അഭിമുഖത്തിന്റെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിജയ് സേതുപതിയുടെ മറുപടി. താരത്തിന്റെ മറുപടിക്ക് കൈയടിക്കുകയാണ് ആരാധകര്‍. ഇങ്ങനെ വേണം മറുപടി പറയാനെന്ന് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ കുറിക്കുന്നുണ്ട്.
വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് 2 ഡിസംബർ 20നാണ് തിയറ്ററുകളിലേക്കെത്തുന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഇളയരാജ സംഗീത സംവിധാനം ചെയ്യുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം ആർ എസ് ഇൻഫോടെയ്ന്മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ്.






