
സിനിമാലോകത്ത് രസകരമായ ട്രോളുകള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ട ഒരു തരംഗമാണിപ്പോള്‍ ‘ഷെയ്ക്ക് ഹാന്‍ഡ്’. സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ 'ബേസിലിന്റെ കൈകൊടുക്കല്‍' വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു. ഷെയ്ക്ക് ഹാൻഡ് നല്കാൻ കൈ നീട്ടി ചമ്മിപ്പോകുന്ന അവസ്ഥയ്ക്ക് സോഷ്യല്‍ മീഡിയ നല്കിയ ചെല്ലപ്പേരാണ് ‘ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്സ്’. ബേസില്‍ ജോസഫിനെയാണ് ഈ ക്ലബ്ബിന്റെ അംബാസിഡറായി സോഷ്യല്‍ മീഡിയ സ്ഥാനമേല്‍പ്പിച്ചിരിക്കുന്നത്.
ബേസില്‍ തോമസിന്റെ കൈകൊടുക്കലോടെയാണ് സംഭവം കയറി ട്രെൻഡായത്. മുൻപ് സമാനമായ അനുഭവം ടൊവിനോയ്ക്ക് ഉണ്ടായപ്പോള്‍, ടൊവിനോയെ കളിയാക്കി ബേസില്‍ ചിരിച്ചതിനു കിട്ടിയ പണിയാണിതെന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തല്‍. അതിനു ശേഷം സുരാജ് വെഞ്ഞാറമൂടിനും രമ്യ നമ്പീശനും അക്ഷയ് കുമാറിനുമെല്ലാം സമാനമായ അബദ്ധം പറ്റി. കഴിഞ്ഞ ദിവസം, ആ യൂണിവേഴ്സിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടിയും എത്തിയിരുന്നു. ഒരു കൊച്ചുകുട്ടിയ്ക്ക് മുന്നില്‍ കൈ നീട്ടിയാണ് മമ്മൂട്ടി ചമ്മിയത്.
ഇപ്പോഴിതാ ‘ഷെയ്ക്ക് ഹാന്‍ഡ്’ യൂണിവേഴ്സില് താനും അംഗമാണെന്ന് രമേഷ് പിഷാരടി കുറിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സാക്ഷാല്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നില്ക്കുമ്പോള് താനും ഷെയ്ക്ക് ഹാന്‍ഡ് നിഷേധിക്കപ്പെട്ട് ചമ്മി പോയിട്ടുണ്ടെന്ന് ഫോട്ടോ സഹിതം പിഷാരടി കുറിക്കുന്നു.
ഒരു അവാര്‍ഡ് വേദിയില്‍ വെച്ചാണ് മമ്മൂട്ടിയില്‍ നിന്ന് ഷെയ്ക്ക് ഹാന്‍ഡ് സ്വീകരിക്കാന്‍ പിഷാരടി കൈ നീട്ടി ‘പ്ലിങ്’ ആയത്. വേദിയിലേക്ക് കയറിവന്ന മമ്മൂട്ടി പിഷാരടിയെ മൈന്‍ഡ് ചെയ്യാതെ തൊട്ടപ്പുറത്ത് നില്ക്കുന്ന മോഹന്‍ലാലിനു കൈ കൊടുത്തു. അതോടെ രമേഷ് പിഷാരടി ചമ്മിപ്പോയി. ‘‘കൈ നീട്ടി ആകാശത്തെത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം...’’ എന്ന ക്യാപ്ഷനൊപ്പമാണ് പിഷാരടി ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കൂട്ടത്തില്‍ കൈ നീട്ടി ചമ്മിപ്പോയ അക്ഷയ് കുമാര്‍, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട് താരം. താരത്തിന്റെ പോസ്റ്റിനു താഴെ ടൊവിനോയും ബേസിലും രമ്യ നമ്പീശനും ചിരിക്കുന്ന ഇമോജികളും പങ്കുവച്ചിട്ടുണ്ട്.
ഈയടുത്താണ് കൈ നീട്ടി ചമ്മിപ്പോകുന്ന അവസ്ഥ ട്രെന്‍ഡിങ് ആയത്. ബോസില്‍ ജോസഫ്, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെല്ലാം കൈ നീട്ടി ട്രോളുകളില്‍ നിറഞ്ഞവരാണ്. എല്ലാ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
എങ്കിലും മമ്മൂട്ടിക്കൊപ്പം എപ്പോഴും ഉണ്ടാകാറുള്ള പിഷാരടി ഇങ്ങനെ ചെയ്തത് ശരിയായില്ലെന്നാണ് ആരാധകര്‍ തമാശയായി കുറിക്കുന്നുണ്ട്. ‘പാവം മമ്മൂക്ക എപ്പോഴും കൂടെ കൊണ്ടുനടക്കുന്നതല്ലേ, എന്നിട്ടും ആ മനുഷ്യനെ ട്രോളാന്‍ പിഷാരടിക്ക് എങ്ങനെ സാധിച്ചു’
ട്രോളന്മാരുടെ രാജാവ് പിഷാരടി കൂടെ ഷെയ്ക്ക് ഹാന്‍ഡ് ട്രെന്‍ഡിനൊപ്പം ചേര്‍ന്നതോടെ ഈ ബെല്‍റ്റ് വികസിക്കുന്നു എന്നു കുറിക്കുന്നവരുമുണ്ട്.






