
ന്യൂഡല്‍ഹി : അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്. ഇപ്പോള്‍ അശ്വിന്റെ വിരമിക്കലിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മലയാളി താരവും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയല്‍സിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള അശ്വിന് നന്ദി അറിയിച്ചാണ് സഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
'എല്ലാത്തിനും നന്ദി ആഷ് അണ്ണാ. കളിക്കളത്തിനുള്ളിലും പുറത്തും നിങ്ങള്‍ക്കൊപ്പം വളരെ സ്പെഷ്യലായ നിമിഷങ്ങള്‍ പങ്കിടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്', സഞ്ജു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ബിസിസിഐ പങ്കുവെച്ച അശ്വിന്റെ വിരമിക്കല്‍ പോസ്റ്റ് പങ്കുവെച്ചായിരുന്നു മലയാളി താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
2022ലെ ഐപിഎല്‍ മെഗാലേലത്തിലാണ് സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിന്റെ തട്ടകത്തിലെത്തുന്നത്. 2022, 23, 24 സീസണുകളില്‍ സഞ്ജുവിന് കീഴില്‍ റോയല്‍സിന്റെ പിങ്ക് കുപ്പായത്തിലാണ് അശ്വിന് ഐപിഎല്ലില്‍ കളിച്ചത്. 2025 ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തില്‍ അശ്വിന് തിരിച്ച് മുന്‍ ക്ലബ്ബായ ചെന്നൈ സൂപ്പര്‍ കിങ്സിലേയ്ക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തിരുന്നു.
You’ve GOAT this, Ash Anna. 💗💗🫡 pic.twitter.com/4hFKqEM33J
— Rajasthan Royals (@rajasthanroyals) December 18, 2024
സഞ്ജുവിന് കീഴില്‍ മൂന്ന് സീസണില്‍ അശ്വിന് രാജസ്ഥാനൊപ്പമുണ്ടായിരുന്നു. ഇത്തവണ താരലേലത്തില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമം രാജസ്ഥാന് നടത്തിയിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കൂടെ കൂട്ടുകയായിരുന്നു. യുവ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റേത് അസാമാന്യ പ്രകടനമാണെന്നും അശ്വിന് പറഞ്ഞിരുന്നു. ''സഞ്ജു മിതഭാഷിയാണെന്നത് ആളുകളുടെ തെറ്റായ ധാരണായാണ്. ഗ്രൗണ്ടിലിറങ്ങിയാല്‍ പക്ഷെ താനും സഞ്ജുവും തികച്ചും പ്രഫഷണല്‍ താരങ്ങളാണ്. എന്റെ പരിചയസമ്പത്തുവെച്ച് മത്സരസാഹചര്യം അനുസരിച്ച് ഞാന്‍ സഞ്ജുവിന് പല ഉപദേശങ്ങളും നല്‍കാറുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ അതില്‍ അവന് വേണ്ടത് അവന് എടുക്കും.'' അശ്വിന് പറഞ്ഞു. അതുപോലെ എന്നില്‍ നിന്ന് എന്താണ് വേണ്ടതെന്ന് സഞ്ജുവും പറയാറുണ്ടെന്നും സഞ്ജു വ്യക്തമാക്കിയിരുന്നു.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷമാണ് ആര് അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 106 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരം 537 വിക്കറ്റുകളാണ് വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി 20യില്‍ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ മാത്രം 3503 റണ്‍സാണ് അശ്വിന് അടിച്ചെടുത്തത്. ആഭ്യന്തര ലീഗില്‍ അശ്വിന് തുടരും. ഐപിഎല്ലിലും അശ്വിനെ കാണാം. 211 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള അശ്വിന് 180 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.




