
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനായി രൂപമാറ്റം വരുത്തിയ ഓട്ടോ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. നിയമംകാറ്റില് പറത്തി ഓട്ടോ അപകടകരമായ തരത്തില്‍ രൂപമാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
ക്ഷേത്ര ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയിൽ കെട്ടിവെച്ചിരുന്നു. യാത്രയ്ക്കിടെ ഇലവുങ്കലിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തും.കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.
ഓട്ടോറിക്ഷയുടെ വലുപ്പവും കവിഞ്ഞ് വശങ്ങളില് ഏറെ പുറത്തേക്ക് തള്ളി നില്ക്കുന്ന തരത്തിലായിരുന്നു അലങ്കാരം. അപകടമുണ്ടാക്കും വിധം വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നേരത്തെ ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.






