
ഇന്ത്യൻ സിനിമയിൽ അന്നും ഇന്നും ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ മാത്രമേ ഉള്ളൂ, അത് ശ്രീദേവിയാണ്. ബോളിവുഡിലും തെന്നിന്ത്യയിലും ശ്രീദേവിയോളം പ്രേക്ഷക പ്രീതി നേടിയ മറ്റൊരു താരമില്ല. അവിസ്മരണീയ പ്രകടനം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ശ്രീദേവി ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയായിരുന്നു.
കരിയറിലെ തിളക്കത്തിനൊപ്പം തന്നെ താരത്തിന്റെ സ്വകാര്യ ജീവിതവും വാർത്തകളിൽ നിറഞ്ഞതാണ്. നിർമാതാവ് ബോണി കപൂറിനെയാണ് താരംവിവാഹം ചെയ്തത്. ബോണി കപൂറിനു മോണ കപൂർ എന്ന ആദ്യ ഭാര്യ നിലനില്‍ക്കെയാണ് ശ്രീദേവിയുമായി അടുക്കുന്നത്. പ്രശ്നങ്ങള്‍ക്കൊടുവില്‍ മോണ കപൂറും ബോണിയും പിരിഞ്ഞു. ശ്രീദേവിയെ ബോണി വിവാഹവും ചെയ്തു. അതുകൊണ്ട് ആ വിവാഹമുണ്ടാക്കിയ കോളിളക്കങ്ങള്‍ ചെറുതല്ല. ജാൻവി കപൂർ, ഖുശി കപൂർ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നതിനിടയിലാണ് 2018 ല്‍ ശ്രീദേവി മരണപ്പെട്ടത്. ഞെട്ടലോടെയാണ് ഈ വാർത്ത ഏവരും കേട്ടത്. തീർത്തും അപ്രതീക്ഷിതമായിരുന്നു മരണം. ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ വീണാണ് ശ്രീദേവി മരിക്കുന്നത്.
മരണത്തിന് പിന്നാലെ പല അഭ്യൂഹങ്ങളും വന്നു. ശ്രീദേവിയുടെ മരണം ബോണി കപൂറിനെയും മക്കളെയും ഏറെ ബാധിച്ചിരുന്നു. എങ്കിലും വിഷമഘട്ടത്തെ മറികടന്ന് ഇവർ മുന്നോട്ട് നീങ്ങി. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ബോണി കപൂർ. താൻ ഇന്നും ശ്രീദേവിയെ സ്നേഹിക്കുന്നെന്ന് ബോണി കപൂർ പറയുന്നു.
"ഞാൻ അവളുമായി പ്രണയത്തിലായിരുന്നു. ഇപ്പോഴും പ്രണയത്തിലാണ്. ഞാൻ മരിക്കുന്നത് വരെ അവളുമായി പ്രണയത്തിലായിരിക്കും. ഏറ്റവും വിലപിടിപ്പുള്ള സൗന്ദര്യവും വ്യക്തിത്വവും എന്നോടൊപ്പം ജീവിക്കാൻ തീരുമാനിച്ചതിലും വലിയ സന്തോഷം എന്താണ്. ഞാനൊരിക്കലും അവളെ ചതിച്ചിട്ടില്ല. മറ്റെവിടെയും എനിക്ക് നോക്കേണ്ടി വന്നിട്ടില്ല. അവളായിരുന്നു എന്റെ എല്ലാം.
ഇപ്പോള്‍ പോലും എനിക്ക് സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടായിരിക്കാം. എനിക്ക് ചുറ്റുമുള്ള സ്ത്രീകളോട് ആകർഷണം തോന്നുന്നുണ്ടാകാം. പക്ഷെ ശ്രീദേവിയോട് എനിക്കുള്ള സ്നേഹം ഒരിക്കലും പോകില്ല..." ബോണി കപൂർ പറയുന്നു.
1996 ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരായായത്. അന്ന് ബോളിവുഡിലെ താര റാണിയാണ് ശ്രീദേവി. ശ്രീദേവിയെ നായികയാക്കി ഒന്നിലേറെ സിനിമകള്‍ ബോണി കപൂർ ചെയ്ത സമയത്താണ് പ്രണയം തുടങ്ങിയത്. ബോണിയുടെ പ്രണയാഭ്യർത്ഥന ആദ്യം ശ്രീദേവി നിരസിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവർ അടുപ്പത്തിലായി. താൻ ശ്രീദേവിയുമായി പ്രണയത്തിലാണെന്ന് ഭാര്യ മോണ കപൂറിനോട് ബോണി കപൂർ തുറന്ന് പറഞ്ഞു. ശ്രീദേവിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് എതിർപ്പായിരുന്നു. ബോണി വിവാഹിതനാണ് എന്നതായിരുന്നു കാരണം. എന്നാല്‍ ശ്രീദേവി തന്റെ തീരുമാനത്തില്‍ ഉറച്ച് നിന്നു.
ശ്രീദേവിയുടെ മക്കളായ ജാൻവി കപൂറും ഖുശി കപൂറും അമ്മയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് വന്നിട്ടുണ്ട്. അമ്മയെക്കുറിച്ചുള്ള ഓർമകള്‍ ജാൻവി കപൂർ അഭിമുഖങ്ങളില്‍ പങ്കു വച്ചിട്ടുമുണ്ട്.






