
കാരവന് തനിക്ക് ശല്യമായാണ് തോന്നിയിട്ടുളളതെന്ന് നടി ശോഭന. സ്ക്രിപ്റ്റ് തന്നെ കയ്യില്‍ നിന്നു പോകുന്ന ഫീലാണ് കാരവനില്‍ കയറി ഇരിക്കുമ്പോള്‍ ഉളളത്. തനിക്ക് താല്പര്യം ഇല്ലെങ്കിലും കാരവനില്‍ കയറി ഇരിക്കാന്‍ തന്നോട് പറയുമെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.
'എനിക്ക് കാരവന് താല്പര്യമില്ല. ഞാന്‍ വേണ്ടെന്നു പറഞ്ഞാലും എന്നോടൃ കാരവനില്‍ കയറി ഇരിക്കാന്‍ പറയും. പണ്ട് കാരവന് ഇല്ലാത്തതുകൊണ്ട് വളരെ വേഗത്തില്‍ കോസ്റ്റിയൂം മാറി വരും. സെറ്റില്‍ ചെന്നാല്‍ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാന്‍ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്.
കോസ്റ്റ്യൂം ചേഞ്ച് ഒരു വീട്ടിലാണെന്നു പറഞ്ഞാല്‍ വണ്ടി കയറി അങ്ങോട്ടു പോയി തിരിച്ചു വരുന്ന സമയം ലാഭിക്കാന്‍ സെറ്റില്‍ തന്നെ വസ്ത്രം മാറ്റി ബാക്കിയുളള സമയം ഇരുന്ന് ഉറങ്ങാന്‍ നോക്കും.
എല്ലാം ഒരു അഡ്ജസ്റ്റ്മെന്റിലാണ് പോയിക്കോണ്ടിരുന്നത്. ഞാന്‍ മാത്രമല്ല എന്റെ തലമുറയില്‍പ്പെട്ട ഖുശ്ബു, സുഹാസിനി, രാധിക അങ്ങനെ എല്ലാവരും സെറ്റിലെ പരിമിതികള്‍ അറിഞ്ഞു പെരുമാറുന്നവരായിരുന്നു. ശോഭന പറഞ്ഞു.
കാരവന് ഒരു ശല്യമായിട്ടാണ് എനിക്കു തോന്നിയിട്ടുളളത് അതില്‍ കയറി ഇറങ്ങി വരുമ്പോഴേക്കും എന്റെ മുട്ട് വേദനിക്കും. എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളുമായുളള കണക്ഷന് കാരവന് കളയുന്നു എന്നതല്ല മൊത്തം സ്ക്രിപ്റ്റ് തന്നെ കയ്യില്‍ നിന്നു പോകുന്ന ഫീലാണ്.
ഉദാഹരണത്തിന് ഒരു തറവാട്ടിലാണ് ഷൂട്ട് എന്നു കരുതൂ. അവിടെ സെറ്റില്‍ തന്നെ ഇരിക്കുമ്പോള്‍ ആ ഇടവുമായി നമ്മള് കണക്ട് ആകും. മറ്റ് ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്നത് കാണാന്‍ കഴിയും. കാരവന് വന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ കട്ട് ആകുന്ന പോലെ .അതില്‍ കയറി ഇരിക്കുമ്പോള്‍ നാം വേറെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കും.
കുറച്ചു നേരം സോഷ്യല്‍ മീഡിയ നോക്കും. വേറെ എന്തെങ്കിലും ചെയ്യും. അതുകൊണ്ട് കാലാവസ്ഥ നല്ലതാണെങ്കില്‍ ഞാന്‍ കാരവന് വേണ്ടെന്നു പറയും. സെറ്റിലെ ഏതെങ്കിലും മുറിയില്‍ ഇരുന്നോളാം എന്നു പറയും. താരം കൂട്ടിച്ചേര്‍ത്തു.
കാരവന് വെച്ചാണ് ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ റേഞ്ച് അളക്കുന്നത് എന്നാണ് ശോഭന പറയുന്നത്. കല്‍ക്കി സിനിമയില്‍ ബച്ചന് സാര്‍ അത്രയും പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തിട്ട് ചെറിയൊരു പ്ലാസ്റ്റിക് ചെയറില്‍ വന്നിരിക്കുന്നതു കാണാം. ഇടയ്ക്കിടെ എഴുന്നേല്ക്കും പിന്നെ ഇരിക്കും അദ്ദേഹത്തിന് മാത്രമായി അഞ്ചു ലക്ഷം രൂപ ദിവസ വാടകയ്ക്ക് ഒരു കാരവന് അവിടെയുണ്ട്.
അദ്ദേഹം പക്ഷേ, അതിനുള്ളില്‍ പോകില്ല. കാരണം, അത് ഒട്ടും സുഖപ്രദമല്ല. ഇപ്പോള്‍ കാരവന് വച്ചാണ് ആര്‍ടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത് എന്നു തോന്നുന്നു. ഞാനിപ്പോള്‍ ഒരു ഹിന്ദി സിനിമ ചെയ്യുന്നുണ്ട്. അതൊരു ബിഗ് ബജറ്റ് പ്രോജക്ട് ആണ്. അവര്‍ ചോദിച്ചു, എന്റെ കൂടെ എത്ര പേര് കാണുമെന്ന്! ഞാന്‍ പറഞ്ഞു, ആരും ഉണ്ടാകില്ല എന്ന്. അവര്‍ ഞെട്ടിപ്പോയി. പലരും ആര്ടിസ്റ്റിനെ വിലയിരുത്തുന്നത് കാരവനും ഒപ്പം വരുന്ന ആളുകളുടെ എണ്ണം വച്ചുമൊക്കെയാണ്.'- ശോഭന പറഞ്ഞു.






