
അവതാരക, അഭിനേത്രി, യൂട്യൂബര്‍, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങി നില്ക്കുന്ന താരമാണ് പേര്‍ളി മാണി. അവതാരകയായി പേര്‍ളിയെ സ്നേഹിച്ചിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ബിഗ് ബോസ് മത്സരാര്‍ത്ഥിയായി പേര്‍ളി എത്തി. അവിടെ വച്ചാണ് താരം അഭിനേതാവായ ശ്രീനിഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. മലയാളി പ്രേക്ഷക മനസ്സില്‍ ബിഗ് ബോസ് പരിപാടിയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. അവിടെ നിന്നിറങ്ങിയ ശേഷം താരങ്ങള്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും അനുഗ്രാശിസ്സുകളോടെ ആഘോഷപൂര്‍വ്വം വിവാഹിതരായി. സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു ആരാധകനിരയെ തന്നെയാണ് ഇരുവർക്കുമുള്ളത്. ഇതിനിടെ പേളി മാണിക്കെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങള്‍ ഉയർന്നെങ്കിലും അതൊന്നും താരദമ്പതികളെ ബാധിച്ചിട്ടില്ല.
തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി എല്ലാ വിശേഷങ്ങളും താരദമ്പതിമാര്‍ പങ്കിടാറുണ്ട്. രണ്ടു മക്കളുടെയും ജനനവും അവരുടെ ക്യൂട്ട് വിശേഷങ്ങളുമടക്കം എല്ലാം താരദമ്പതിമാര്‍ ഷെയര്‍ ചെയ്യുന്നത് ചാനല്‍ വഴിയാണ്. അടുത്തിടെയായി പേര്ളിയും ശ്രീനിഷും മൂന്നാമത്തെ കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ വീടിന്റെ പാലുകാച്ചല്വീഡിയോ പങ്കുവച്ചതിന് പിന്നാലെ ആണ് താരം ഗർഭിണി ആണെന്ന തരത്തില്‍ ചർച്ചകള്‍ ആരംഭിച്ചത്. പേളിയുടെ വീഡിയോയുടെ അവസാന ഭാഗത്ത് ഞങ്ങള്‍ക്കൊരു ഹാപ്പി ന്യൂസ്പറയാനുണ്ടെന്ന് പേളി പറഞ്ഞ വാക്കുകളായിരുന്നു ഇതിനുള്ള പ്രധാന കാരണം.
ഇപ്പോഴിതാ അതിനിടയില്‍ അഭിനേതാവായ അരിസ്റ്റോ സുരേഷ് പേളിയെ കുറിച്ച് പറഞ്ഞ വാർത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞുവെന്നും ആണ്കുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് അരിസ്റ്റോ സുരേഷ് പറഞ്ഞത്. തന്റെ പുതിയ സിനിമയായ മിസ്റ്റർ ബംഗാളിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
‘‘പേളിയേയും ശ്രീനിഷിനേയും താൻ ഒരുപാട് പിന്തുണച്ചിരുന്നെങ്കിലും ആദ്യമൊക്കെ അവരുടെ ബന്ധത്തില്‍ എനിക്ക് താത്പര്യക്കുറവുണ്ടായിരുന്നു. ചില തെറ്റിധാരണകള്‍ കാരണമായിരുന്നു അത്. പക്ഷെ അതൊക്കെ മാറിയെന്നും അവരുടെ വിവാഹത്തിന് ഞാന്‍ സജീവമായി പങ്കെടുത്തു. ജീവിതത്തില്‍ അടിയന്തരമായൊരു ആവശ്യം വന്നപ്പോള്‍ പേളിയും ശ്രീനിഷുമാണ് എന്നെ സാമ്പത്തികമായി സഹായിച്ചത്. കുട്ടികള്‍ ആയശേഷം ഞാൻ പോയി കണ്ടിട്ടില്ല, രണ്ടാമത്തെ കുട്ടി ആണ്‍കുട്ടി ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞാന്‍ അങ്ങനെ പ്രാർത്ഥിച്ചെന്നും അവരോട് പറഞ്ഞിരുന്നു.
പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു, മൂന്നാമത്തെ കുട്ടി ആണ്കുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ആരോ പറഞ്ഞ് കേട്ടതാണ്. അതൊന്നും ഇനി വിവാദമാക്കണ്ട. എന്തായാലും അങ്ങനെ ഉണ്ടെങ്കില്‍ ആണ്‍കുട്ടി ആവട്ടെ. പേളി തന്റേടമുള്ള ഒരു ആണ്‍കുട്ടിയായിരുന്നു. ഷോയില്‍ വെച്ച് സൈക്കിള്‍ ചവിട്ടുന്നൊരു ടാസ്ക് ഉണ്ടായിരുന്നു. ഞാനും സാബുവുമൊക്കെ 60 ലൊക്കെ പോകുമ്പോള്‍ പേളി ചവിട്ടിയത് 80 ലൊക്കെയാണ്. അതുപോലെ അർച്ചനയുമായി തലയണകൊണ്ട് അടിപിടിക്കുന്നൊരു ടാസ്കില് ഞങ്ങളൊക്കെ കരുതിയത് പേളി വേഗം പരാജയപ്പെടുമെന്നാണ്. കാരണം അർച്ചന അഭ്യാസിയാണ്. പേളിയെക്കാളും വലിയൊരാളും. പക്ഷെ വളരെ പെട്ടെന്ന് തന്നെ പേളി അർച്ചനെയെ പരാജയപ്പെടുത്തി....’’ അരിസ്റ്റോ സുരേഷ് പറയുന്നു.
താന്‍ മൂന്നാമത്തെ കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ കഴിഞ്ഞ ദിവസം പേര്ളിയും പ്രതികരിച്ചിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് പേളി മാണി വിഷയത്തില്‍ പ്രതികരിച്ചത്. ‘‘ഞാൻ ഗർഭിണിയല്ല, അത് വെറും ബിരിയാണിയാണ്...’’ എന്നായിരുന്നു പേളി കുറിച്ചത്. പേളിയുടെ തുറന്നു പറച്ചിലിലൂടെ പുതിയസന്തോഷ വാർത്ത മറ്റെന്തോ ആണെന്ന് ആരാധകര്‍ ഉറപ്പിച്ചു.
ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെപാലുകാച്ചല് ചടങ്ങ് നടന്നത്. വൈറ്റിലയിലെ സില്‍വർ സാൻഡ് ഐലൻഡിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ഫ്ളാറ്റ്. ഫ്ളാറ്റിന്റെ പാലുകാച്ചല്‍ വീഡിയോ താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. പുതിയ ഫ്ളാറ്റിന് പേളിയും ശ്രീനിഷും നല്കിയ പേര് പേളിഷ് എന്നാണ്. ബിഗ് ബോസില്‍ പേളിയും ശ്രീനിഷും മത്സരാർത്ഥികളായ കാലത്ത് ആരാധകർ ഇരുവർക്കും നല്കിയ വിശേഷണമാണ് പേളിഷ് എന്നത്. ആ പേരു തന്നെയാണ് ഇരുവരും ഫ്ളാറ്റിനും നല്‍കിയിരിക്കുന്നത്.
വീഡിയോയില്‍ ഞങ്ങള്‍ക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട് എന്ന് താരം പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘‘പക്ഷെ, അതിപ്പോള്‍ പറയുന്നില്ല, വളരെ സ്പെഷ്യലായ ന്യൂസാണ്.വൈകാതെ നിങ്ങളോട് പറയും. ഇപ്പോള്‍ പറഞ്ഞാല്‍ അതു വളരെ നേരത്തെ ആയി പോകു’’മെന്നാണ് ശ്രീനിഷും പേളിയും പറഞ്ഞത്. ഇതോടെ പേളിയുടെ സന്തോഷവാർത്തയെ സംബന്ധിച്ച ചർച്ചയാണ് കമന്റ് ബോക്സില്‍ നിറഞ്ഞത്.






