
സംസ്ഥാന സർക്കാർ പ്രതിനിധി ഗവർണറെ യാത്രയയക്കാൻ ചെല്ലാത്തത് ലജ്ജാകരമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. സംസ്ഥാന സർക്കാർ സാമാന്യ മര്യാദ പോലും കാണിച്ചില്ലെന്നും കേരളത്തിന്റെ ആതിഥ്യ മര്യാദയ്ക്ക് വിരുദ്ധമാണ് നടപടിയെന്നും അദ്ദേഹം വിമർശിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിച്ചത് ഭരണഘടന അനുസരിച്ചാണെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസിനെ മൻമോഹൻ സിങ് സ്മാരക വിവാദത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി . നെഹ്റു കുടുംബത്തിന് പുറത്തുള്ള നേതാക്കളെ കോൺഗ്രസ് ആദരിച്ചിട്ടില്ല. ഇപ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് കോൺഗ്രസിന്റെ വീഴ്ചകൾ മറയ്ക്കാനാണ്. നരസിംഹ റാവുവിന്റെയും പ്രണബ് മുഖർജിയുടെയും കാര്യങ്ങൾ മുന്നിലുണ്ട്. കോൺഗ്രസ് ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്ന് അവർ പറയട്ടെ. സ്മാരകത്തിന് അനുയോജ്യമായ സ്ഥലം നൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചതാണെന്നും വി മുരളീധരൻ പറഞ്ഞു.






