
എന്നും മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരജോഡികളാണ് മോഹന്‍ലാലും ശോഭനയും. ഇവര്‍ ഒരുമിച്ച് സ്ക്രീനില്‍ എത്തുന്നു എന്നറിയുന്നതു തന്നെ ആരാധകര്‍ക്ക് ആവേശമാണ്. നിരവധി ഹിറ്റ് സിനിമകളില്‍ ഒന്നിച്ച ഇവർ വീണ്ടും വർഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയാണ് തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’.
ഇപ്പോഴിതാ ഈ സിനിമയ്ക്ക് മുന്നേ മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ ദൃശ്യം എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തനിക്ക് കിട്ടിയിരുന്നുവെന്ന് പറയുകയാണ് ശോഭന.
‘‘ലാല്‍ സാറിന്റെ ഫേമസ് ചിത്രമായ ദൃശ്യത്തില്‍ അഭിനയിക്കാനുള്ള അവസരം എനിക്ക് വന്നിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വരെ വായിച്ചതാണ്. പക്ഷെ എനിക്ക് ചെയ്യാൻ സാധിച്ചില്ല. കാരണം ഞാൻ വിനീത് ശ്രീനിവാസനൊപ്പമുള്ള തിര ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു...’’ ശോഭന പറയുന്നു.
ഇപ്പോള്‍ ചിത്രീകരണം തുടരുന്ന തരുണ്‍ മൂർത്തി ചിത്രത്തിലെ അനുഭവവും ശോഭന പങ്കുവെച്ചു. ‘‘എത്ര മലയാള സിനിമയില്‍ ഞാൻ അഭിനയിച്ചിട്ടുണ്ടോ അതുപോലെ തന്നെ ആയിരുന്നു ഇതും. വലിയ കൊമേഴ്ഷ്യല്‍ സെറ്റ് ഒന്നും അല്ല, ഒരു സാധാരണ തിരക്കഥയില്‍ മോഹൻലാല്‍ ടാക്സി ഡ്രൈവർ ആകുന്ന ചിത്രം. ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്. വളരെ കംഫോർട്ടബിള് ആയ ഫീല്‍ ആണ് തുടരും ചിത്രത്തിന്റെ സെറ്റില്‍...’’ ശോഭന പറഞ്ഞു.
മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ‘ഓപ്പറേഷന് ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടരും’.
ദൃശ്യം തനിക്ക് വന്നതാണ്, സ്ക്രിപ്റ്റ് വരെ വായിച്ചതാണ്!
വിനീത് ശ്രീനിവാസന്റെ ( തിര ) യുടെ തിരക്കുകൾ കാരണം ഇത് ചെയ്യാൻ സാധിക്കാതെ പോയി!
#Mohanlal | #Shobana | #Drishyam pic.twitter.com/HtxoKvy3TO— sᴀⓝᴅᴇᴇᴘ🤓 (@Raasu_Kuttii) December 30, 2024
‘തുടരും’ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള അനുഭവവും ശോഭന പങ്കിടുന്നു. വളരെ സത്യസന്ധത പുലർത്തുന്ന ജോലിയോട് ആത്മാർത്ഥതയുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും മോഹൻലാല്‍ തന്നെ സംബന്ധിച്ച് വളരെ ‘കംഫേർട്ട് പേഴ്സണ്‍’ ആണെന്നും ശോഭന പറഞ്ഞു.
‘‘മമ്മൂക്ക വളരെ സിമ്പിള്‍ ആണ്. ജോലിയില്‍ ഭയങ്കര ആത്മാർത്ഥത കാണിക്കുന്ന വളരെ പ്രാക്ടിക്കലായ വ്യക്തിയാണ്. ക്രിയേറ്റീവ് ആണ്, അതുകൊണ്ട് മറ്റ് കാര്യങ്ങളൊന്നും അദ്ദേഹത്തിന്റെ തലയില്‍ ഓടില്ല. ട്രൂത്ത്ഫുള്ളാണ് അദ്ദേഹം. കാണാമറയത്തില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് 33 വയസാണ്. ആ പ്രായത്തിലൊക്കെ വളരെ സത്യസന്ധ പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജോലി എന്ന ചിന്ത മാത്രമേ ഉളളൂ. വളരെ ലോക വിവരമുള്ള അറിവുള്ള വ്യക്തിയാണ്. ഏകദേശം 50 ഓളം സിനിമയില്‍ ഞങ്ങള്‍ അഭിനയിച്ചു.
മോഹൻലാലിനൊപ്പം വളരെ കൂളാണ്. ചിരിപ്പിച്ചോണ്ടിരിക്കും. കംഫേർട്ടാണ്, ഒരുപാട് സിനിമകളില്‍ അഭിനയിച്ചില്ലേ, എങ്കിലും ഇടക്കിടെ വെറുതെ കിന്റല്‍ ചെയ്തുകൊണ്ടേയിരിക്കും. അടുത്തിടെ ദൃശ്യം പടത്തില്‍ മോഹൻലാലിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം എനിക്ക് വന്നിരുന്നു. സ്ക്രിപ്റ്റ് വരെ കൈയ്യില്‍ കിട്ടി. പക്ഷെ എനിക്ക് ചെയ്യാൻ സാധിച്ചില്ല. ആ സമയത്ത് വിനീത് ശ്രീനിവാസന്റെ പടം ചെയ്യുകയായിരുന്നു ഞാൻ.
കമല്‍ സാറിന്റെ വലിയ ആരാധികയാണ് ഞാൻ. അദ്ദേഹത്തിനൊപ്പം ആറോ ഏഴോ പടം ചെയ്തിട്ടുണ്ടാകും. 7 വയസ് മുതല്‍ അദ്ദേഹത്തിന്റെ പടങ്ങള്‍ തീയറ്ററില്‍ പോയി ഞാൻ കാണാറുണ്ട്, അതും വീട്ടുകാർ അറിയാതെ. ആ പ്രായത്തില്‍ ഏകദേശം 30 ,40 പടം കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കമല്‍ സാറിനൊപ്പം അഭിനയിക്കാൻ ഒരു അവസരം ലഭിച്ചതൊക്കെ എനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ആ സമയത്തൊന്നും എനിക്ക് സംസാരം പോലും വരില്ല. എനിക്ക് സംസാരം തന്നെ നഷ്ടപ്പെട്ടത് പോലെയാണ്. അതുപോലെ വലിയൊരു ആർട്ടിസ്റ്റ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് തന്നെ ഭാഗ്യമാണ്.
എപ്പോഴും അദ്ദേഹം ബന്ധം സൂക്ഷിക്കാറുണ്ട്. ഇടക്ക് വിളിക്കും. പക്ഷെ എപ്പോഴും വിളിക്കുന്നൊരു രീതിയുമൊന്നുമില്ല. ഇപ്പോഴും ടച്ചുള്ള നടൻമാർ ആരൊക്കെയെന്ന് ചോദിച്ചാല്‍ മമ്മൂട്ടി, മോഹൻലാല്‍, ജയറാം, കമല്‍, ദുല്‍ഖർ സല്മാൻ ഇവരൊക്കെയായും നല്ല അടുപ്പം ഇപ്പോഴുമുണ്ട്. രേവതി, സുഹാസിനിയൊക്കെ എനിക്ക് സഹോദരിമാരെ പോലെയാണ്. അവർ എന്നെ സംരക്ഷിക്കും.
ഞാൻ സിനിമയിലേക്ക് പോകുന്നതിന് യാതൊരു പ്രശ്നവും എന്റെ കുടുംബത്തിന് ഉണ്ടായിരുന്നില്ല. അവർ എന്നെ വളരെ അധികം പ്രോത്സാഹിപ്പിച്ചിരുന്നു. ആ പ്രായത്തിലൊക്കെ സിനിമയിലേക്കെന്നല്ല ഏത് ജോലിയിലേക്ക് സ്ത്രീകള്‍ പോകുമ്പോഴും ഒന്ന് അലർട്ടായിരിക്കണം. ഞാൻ അഭിനയിച്ച സിനിമകളെല്ലാം നല്ല രീതിയില്‍ വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലെ എന്റെ യാത്ര വളരെ സ്മൂത്തായിരുന്നു.
15 വയസില്‍ ഒരു വർഷം 16 പടം ചെയ്തിട്ടുണ്ട്. വയസ് എന്നത് ഒരു പ്രധാന ഘടകമല്ല. ആ സമയത്ത് നമ്മുടെ പ്രായം ആരും നോക്കില്ല. നമ്മള് സിനിമ വിജയിപ്പിക്കാൻ കെല്പുള്ള നടിയാണോയെന്ന് മാത്രമാണ് എല്ലാവരും നോക്കുക. 15 വയസില്‍ അന്ന് വെളിയില്‍ പോകുന്നതും പാർട്ടിക്ക് പോകുന്നതൊക്കെയും സിനിമയാണ്. ആ പ്രായത്തില്‍ ഇതില്‍ കൂടുതല്‍ എന്ത് ആഗ്രഹിക്കും?...’’ ശോഭന പറയുന്നു.






