
പാലക്കാട് : സി.പി.എമ്മില്‍ അച്ചടക്ക നടപടിക്ക് വിധേയനായ കെ.ടി.ഡി.സി. ചെയര്മാന് പി.കെ. ശശിയുടെ പുതുവത്സരത്തിലെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നേതൃത്വത്തിനെതിരായ ഒളിയമ്പ്. 'അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാന്‍ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവര്‍ക്ക് സുന്ദര കാലമായിരുന്നുവെന്ന്്' തുടങ്ങുന്ന കുറിപ്പാണ് ചര്‍ച്ചയാവുന്നത്.
അത്തരക്കാരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കുമെന്നും ശശി കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. കൂടെനിന്നു കുതികാല്‍വെട്ടിയും ചതിച്ചും ഖിയാമം നാള് വരെ സുഖിക്കാമെന്ന് കരുതുന്നവര്‍ക്ക് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെ കാലമായിരിക്കും വരാനിരിക്കുന്നതെന്നും പി.കെ. ശശി മുന്നറിയിപ്പ് നല്കുന്നു. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓര്‍ക്കുക, വരും കാലം നിങ്ങളുടേതല്ല എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി പി.കെ. ശശി രംഗത്ത് വന്നു. വിമര്‍ശനം പാര്‍ട്ടിക്കെതിരേയല്ലെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേയാണ് താന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചതെന്നും പി.കെ. ശശി വിശദീകരിച്ചു.
എന്നാല്‍, മണ്ണാര്‍ക്കാട് ഏരിയയില്‍ ഉള്‍പ്പെടുന്ന കുമരംപുത്തൂര്‍, കോട്ടോപ്പാടം ലോക്കല്‍ സെക്രട്ടറിമാര്‍ ഫെയ്സ്ബുക്കില്‍ ശശിക്ക് പരോക്ഷ മറുപടി കുറിച്ചു. പ്രസ്ഥാനത്തിന് മുന്നില്‍ വ്യക്തികള്‍ക്ക് പ്രസക്തിയില്ല, ഒരിക്കലും തിരിച്ചുവരാത്ത തകര്‍ച്ചയിലേക്ക് അമര്ന്നടങ്ങിയത് തിരിച്ചറിയുന്നില്ല, വിരട്ടലും വിലപേശലും കള്ളക്കച്ചവടങ്ങളും ഇല്ലാതാക്കിയ വര്‍ഷമാണ് 2024 എന്നും ഇവരുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വിവിധ ആരോപണങ്ങളില്‍ പാര്‍ട്ടി അനേ്വഷണ കമ്മിഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പി.കെ. ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും പി.കെ. ശശിയെ നീക്കാനായിരുന്നു സി.പി.എം തീരുമാനം. ഇതിനു തുടര്‍ച്ചയായി അടുത്തിടെ ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍നിന്നും നീക്കി.
നിലവില്‍ കെ.ടി.ഡി.സി ചെയര്മാന് സ്ഥാനത്ത് പി.കെ. ശശി തുടരുന്നതില്‍ പാര്‍ട്ടിയില്‍ അമര്‍ഷം ശക്തമാണ്. കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനത്തുനിന്നും ശശിയെ നീക്കി പകരം തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയോട് അടുത്ത ഡോ. പി. സരിനെ പരിഗണിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.






