
പ്രായം കൂടുന്തോറും ശാരീരിക അവശതകളും അസ്വസ്ഥതകളും എല്ലാം കൂടുമല്ലോ. രണ്ടു കൊല്ലത്തിനു ശേഷമാണ് ഞാനും സഹധര്‍മ്മിണിയും ഒരു കേരള സന്ദര്‍ശനത്തിന് എത്തിയത്. ഇനി എത്ര കാലം ഇപ്രകാരം കേരള യാത്ര ചെയ്യാന്‍ പറ്റുമെന്നും അറിയില്ല. ഓരോ വര്‍ഷം ചൊല്ലുന്തോറും നാട്ടിലേക്കുള്ള പ്ലെയിന്‍ യാത്രയും വളരെ ദുസ്സഹമായി തീരുന്നു. മേനി പറഞ്ഞിട്ടും വീരവാദം അടിച്ചിട്ടും കാര്യമില്ലല്ലോ.
പ്ലെയിനില്‍ ബിസിനസ് ക്ലാസ്സില്‍ കയറാനുള്ള സാമ്പത്തികം എനിക്കില്ല. എയര്‍ലൈനുകളില്‍ ചെക്ക് ചെയ്തപ്പോള്‍ രണ്ടുപേര്‍ക്കും കൂടി അങ്ങോട്ടുമിങ്ങോട്ടും ഉള്ള ബിസിനസ് ക്ലാസ്സില്‍ യാത്രയ്ക്ക് ഏതാണ്ട് 22,000 ഡോളര്‍ വേണമെന്നാണ് അറിഞ്ഞത്. അത്രയും ഉണ്ടെങ്കില്‍ എനിക്ക് ഒരു വീട് മേടിക്കാനുള്ള ഡൗണ്‍ പെയ്മെന്റ് നടത്താം എന്ന് ഞാന്‍ ചിന്തിച്ചു. കാര്യം അമേരിക്കയില്‍ ഞങ്ങള്‍ കുടിയേറിയിട്ട് 50 വര്‍ഷം കഴിഞ്ഞു. ഏതായാലും ഒറ്റരാത്രിക്ക് കാലു നീട്ടി ബിസിനസ് ക്ലാസില്‍ കയറി കുത്തിയിരുന്ന് ഉറങ്ങാന്‍ 22000 ഡോളര്‍ വര്‍ത്തല്ല എന്ന് ഞാന്‍ തീരുമാനിച്ചു.
അതിനാല്‍ സാദാ ക്ലാസ്സില്‍ തന്നെ ഇടിച്ചു കയറി. ഈ സാദാ ക്ലാസിനെ ചിലര്‍ കന്നുകാലി ക്ലാസ് എന്നും പറയാറുണ്ടല്ലോ. അവരങ്ങനെ പറഞ്ഞോട്ടെ എന്നാലും കുഴപ്പമില്ല. യേശുക്രിസ്തു പിറന്നത് കന്നുകാലി തൊഴുത്തില്‍ ആണല്ലോ. യേശു ക്രിസ്തു പിറന്നതും യാത്ര നടത്തിയതും ഒക്കെ ബിസിനസ്സ് ക്ലാസ്സില്‍ അല്ലല്ലോ, വെറും കന്നുകാലി ക്ലാസ്സില്‍ അല്ലെ. ഭാരതീയര്‍ കണ്ടുപിടിച്ച പുഷ്പ്പക വിമാനത്തില്‍ എത്ര ക്ലാസ് ഉണ്ടായിരുന്നു എന്നും ഒരിടത്തും എഴുതി കണ്ടില്ല. ഈ ഡിസംബര്‍ മാസത്തില്‍, പ്രത്യേകിച്ച് അത്തരം കന്നുകാലി ക്ലാസില്‍ യാത്ര ചെയ്യുന്നത് ഏറ്റവും നല്ല പ്രവര്‍ത്തിയാണ്.
നിങ്ങള്‍ക്ക് കൂടുതല്‍ പണം ഉണ്ടെങ്കില്‍ അത് മതം നോക്കാതെ പാവങ്ങള്‍ക്ക് വിതരണം ചെയ്യുക. ഈ സാദാ ക്ലാസില്‍ ആകട്ടെ പഴയ സൗകര്യങ്ങള്‍ ഒന്നും ഇല്ല താനും. അവിടെയും ഏതാണ്ട് സീറ്റുകള്‍ തമ്മിലുള്ള അകലം വളരെ ശുഷ്കമായി വരികയാണ്. ഒരുപക്ഷേ നാട്ടിലെ പ്രൈവറ്റ് ബസ്സില്‍ ഇടിച്ചു കയറി കെട്ടി തൂങ്ങി വരുന്ന മാതിരി ഭാവിയില്‍ പ്ലെയിനില്‍ നമുക്ക് വരേണ്ടി വന്നേക്കാം. അതിന് ഒരു കാരണം, യാത്രക്കാരുടെ എണ്ണം കൂടിവരുന്നതാണ്, നാട്ടില്‍ തന്നെ ആള്ക്കാര് ഇപ്പോള്‍ അധികപക്ഷവും താമസിക്കുന്നത് വിദേശങ്ങളില്‍ ആണ്. അധികമായി വരുന്ന ഈ യാത്രക്കാര്‍ക്ക് കയറാന്‍ വേണ്ടതായ പ്ലെയിനുകളുടെ, എണ്ണം ഒന്ന് വര്‍ദ്ധിപ്പിക്കാന്‍ പ്ലെയിന്‍ ലോബി സമ്മതിക്കുന്നുമില്ല. അവര്‍ യാത്രക്കാരെ പ്രവാസികളെ, സൗകര്യം വെട്ടിച്ചുരുക്കി, യാത്രാനിരക്ക് കൂട്ടി, ചൂഷണം ചെയ്യുന്നു.ഇതിനൊക്കെ എതിരായി ശബ്ദിക്കാന്‍ ഇവിടെ ഒരു പ്രവാസി മെഗാ സംഘടനകള്‍ പോലുമില്ല. ഞാന്‍ ഒരു ആദ്യ കാല സംഘടനാ പ്രവര്ത്തകന് ആണെങ്കില്‍ പോലും നമ്മുടെഒക്കെ സംഘടനകളുടെ ബലഹീനതകള്‍ നന്നായിട്ടു അറിയാം. അന്നെന്നപോലെയല്ല ഇന്നു കൂടുതലായി സംഘടനാ രംഗത്തു എട്ടുകാലി മമ്മുഞ്ഞകളുടെ വീമ്പടി വാര്‍ത്തകള്‍ കാണാം. അന്നൊക്കെ വെറും വെട്ടിഒട്ടിക്കല്‍ ജേര്‍ണലിസം ആയിരുന്നെങ്കില്‍ ഇന്നു ഇലക്ട്രോണിക് മാദ്ധ്യമ യുഗമാണ് . അതായത് വാര്‍ത്തകളും വിശേങ്ങളും സെല്‍ ഫോണിലും വിരല്‍ തുമ്പിലും ആണ്. നെടുമ്പാശ്ശേരിയില്‍ പ്ലെയിന്‍ ഇറങ്ങിയ ഞങ്ങള്‍ യാത്രാ ക്ഷീണം കൊണ്ട് ഒരു പഴംകഞ്ഞി പരുവത്തില്‍ ആയിരുന്നു.
ഞങ്ങള്‍ വന്നിറങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എന്റെ അമ്മയുടെ അനിയത്തി, ഞങ്ങള്‍ കുഞ്ഞാച്ചി എന്നു വിളിക്കുന്ന ബ്രിജിത് വാര്‍ധക്യ സഹജമായ അസുഖത്താല്‍ ഇഹലോകവാസം അവസാനിപ്പിച്ചു എന്നറിഞ്ഞതിനാല്‍ അവരുടെ ഭവനമായ തൊടുപുഴയ്ക്ക് പോയി. രണ്ടുവര്‍ഷം മുമ്പ് ഞങ്ങള്‍ കേരളത്തില്‍ ഇതേ മാതിരി വന്നപ്പോഴാണ് എന്റെ അമ്മ, ഏലിക്കുട്ടി നൂറാം വയസ്സില്‍ നിര്യാതയായത്.
ഇപ്രാവശ്യം ശവസംസ്കാരം കഴിഞ്ഞ് ഏതാണ്ട് ഒരു മൂന്നുദിവസം ഞാന്‍ എന്റെ നാടായ പൈങ്ങോട്ടൂരില്‍ തങ്ങി. അവിടെനിന്ന്, കലൂര്‍, കലൂര്‍ക്കാട്, ആയവന, ആരക്കുഴ, കടവൂര്‍, കോടിക്കുളം, കരിമണ്ണൂര്‍, കുളപ്പുറം, വണ്ടമറ്റം, വണ്ണപ്പുറം, മുള്ളരിങ്ങാട്, കാളിയാര്‍, ചാത്തമറ്റം, പോത്താനിക്കാട്, മൂവാറ്റുപുഴ, കോതമംഗലം, വാരപ്പെട്ടി, പൂയംകുട്ടി, കുട്ടമ്പുഴ, ഭൂതത്താന്‍ കെട്ടു, തൊമ്മന്‍കുത്തു, കലയെന്താനി, കോലഞ്ചേരി, പട്ടിമറ്റം, പുത്തന്‍കുരിശ്, കടമറ്റം തുടങ്ങിയ പ്രദേശങ്ങളില്‍ പല ആവശ്യങ്ങള്‍ക്കും, പിന്നെ ചില ബന്ധുക്കളെ സന്ദര്‍ശിക്കാനും ഞങ്ങള്‍ പോയി. ഈ സ്ഥലങ്ങളെല്ലാം അടുത്തടുത്ത് കിടക്കുന്ന പ്രദേശങ്ങളാണ്. എന്നാലും യാത്ര ദുഷ്കരം.
ഇപ്പോഴും എപ്പോഴും ജന്മനാടായ പൈങ്ങോട്ടൂര്‍ എത്തുമ്പോള്‍ ' ഒരു വട്ടം കുടി ...' എന്നില്‍ ഒരു ഗൃഹാതുര ചിന്തകള്‍ ഓടി എത്താറുണ്ട്. അന്നു ഞാന്‍ പൈങ്ങോട്ടൂര്‍ സ്കൂളില്‍ പഠിക്കുബോള്‍ റോഡിലൂടെ വല്ലപ്പോഴും വല്ല കാറോ ബസ്സോ പോകുമ്പോള്‍ കൗതുകത്തോടെ നോക്കി നില്ക്കാറുണ്ടായിരുന്നു. ഇന്നു വാഹനങ്ങളുടെ അതിബാഹുല്യംകൊണ്ട് റോഡൊന്നു മുറിച്ചു കടക്കാന്‍ തത്രപ്പെട്ടു. പക്ഷേ റോഡിന്റെ നിലവാരം കാര്യമായി മെച്ചപ്പെട്ടിട്ടില്ല. ഞാന്‍ പഠിച്ച പൈങ്ങോട്ടൂര്‍ St.ജോസഫ് സ്കൂളില്‍ രണ്ടാഴ്ച കാലം നീളുന്ന, ജൂബിലി ആഘോഷ പരിപാടികള്‍ ഉണ്ടെന്നറിഞ്ഞു. സാധിച്ചാല്‍ ഒരുദിവസത്തെ ആഘോഷത്തില്‍ എങ്കിലും പങ്കെടുക്കണം എന്ന് വിചാരിക്കുന്നു. യുവ പ്രതിഭകളായാ മുവാറ്റുപുഴ MLA ശ്രീ മാത്യു കുഴല്‍ നാടനും, ഇടുക്കി MP ആയ ശ്രീ ഡീന്‍ കുര്യാക്കോസ് എന്നിവരും പൈങ്ങോട്ടൂരില്‍ നിന്നുള്ളവരാണ്.
ഞാന്‍ മുള്ളരിങ്ങാട്ട് നിന്ന് പൈങ്ങോട്ടൂരിലേക്ക് മടങ്ങി വരുമ്പോഴാണ് ദുഃഖകരമായ ആ വാര്‍ത്ത കേട്ടത്. മുള്ളരിങ്ങാട് മലയോര പ്രദേശത്ത് സ്വന്തം പശുവിനെ, പുല്ലു തീറ്റക്കായി കെട്ടിയിട്ടതു അഴിച്ചു മടങ്ങുമ്പോള്‍ ഒരു യുവാവിനെ കാട്ടാന നെഞ്ചില്‍ ചവിട്ടി അതി ദാരുണമായി കൊലപ്പെടുത്തിയതാണത്. തുടര്‍ന്ന് മരണപ്പെട്ട വ്യക്തിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊതു ജനങ്ങളുടെയും എല്ലാ പാര്‍ട്ടിക്കാരുടെയും ജാഥയും, വണ്ണപ്പുറം പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താലും ആചരിച്ചു. 2024 ഡിസംബറില്‍ മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണം വളരെയധികം പൊതുജന ശ്രദ്ധ നേടി. ചിക്കാഗോയിലെ പൊതുപ്രവര്‍ത്തകനും സംഘാടകനുമായ വര്‍ഗീസ് പാലമലയില്‍, അതുപോലെ സാഹിത്യകാരനും എഴുത്തുകാരനുമായ ന്യൂയോര്‍ക്കിലെ ജയന് വര്‍ഗീസ് തുടങ്ങിയവര്‍ അതിമനോഹരമായ മുള്ളിങ്ങാട് മലനിരകള്‍ക്ക് വളരെ അടുത്തു സ്ഥിതി ചെയ്യുന്ന ചാത്തമറ്റം പ്രദേശത്തു നിന്നുള്ളവരാണ്.
അന്നുതന്നെ ഞങ്ങള്‍ മടങ്ങി കൊച്ചിയിലെ പാലാരിവട്ടത്തുള്ള ഞങ്ങളുടെ ഫ്ലാറ്റില്‍ എത്തി. താമസിയാതെ മറ്റൊരു ദുഃഖ വാര്‍ത്തയും ഞങ്ങളെ തേടിയെത്തി. . സ്ഥലം എംഎല്‍എ ഉമാ തോമസ് പാലാരിവട്ടത്തിന് തൊട്ടടുത്തുള്ള കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍, ഗ്യാലറിയില്‍ നിന്ന് കാല്‍വഴുതി തല നിലത്ത് അടിച്ച് വീണ് അപകടകരമായ നിലയില്‍ പാലാരിവട്ടത്തെ റെനേ മെഡിക്കല്‍ ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ ആണെന്ന് വാര്‍ത്തയാണത്. ഞാന്‍ അമേരിക്കയില്‍ അധിവസിക്കുന്ന ഹ്യൂസ്റ്റണ്‍ പ്രദേശത്തുള്ള പ്രസിദ്ധ മലയാള സിനിമാതാരം ദിവ്യ ഉണ്ണിയുടെ ഒരു മെഗാ നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എംഎല്‍എ ഉമാ തോമസ് കാല് വഴുതി വീഴുകയാണ് ഉണ്ടായത്. 2024 ഡിസംബര്‍ അവസാന വാരം കേരളത്തെ നടുക്കിയ മറ്റൊരു ദുരന്ത വാര്‍ത്തയാണിത്. ഞാന്‍ സാധാരണയായി കാല്‍നടയായി ഉമാ തോമസ് എംഎല്‍എയുടെ ഓഫീസ് താണ്ടിയാണ് പാലാരിവട്ടം ജംഗ്ഷനില്‍ പച്ചക്കറിയും, ഗ്രോസറിയും വാങ്ങാന്‍ പോകുന്നത്. ശ്രീമതി ഉമാ തോമസിന്റെ ഭര്‍ത്താവായ അന്തരിച്ച പി.ടി. തോമസ് -എംഎല്‍എ ഓഫീസും അവിടെയായിരുന്നു. അമേരിക്കയില്‍ ഹൂസ്റ്റണിലെ സിനിമാ നടി ദിവ്യ ഉണ്ണിയുടെ മെഗാ ഗ്രൂപ്പ് നൃത്ത പരിപാടിക്ക് പോയപ്പോള്‍ ആണല്ലോ ഈ അത്യാഹിതം സംഭവിച്ചത് എന്ന് ഓര്‍ത്തപ്പോള്‍ അമേരിക്കയിലെ ഹ്യൂസ്റ്റന്കാരനായ എനിക്ക് വൈകാരികമായ ദുഃഖവും ഉണ്ടായി. ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ വേണ്ടവിധത്തില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു.
ഡിസംബര്‍ അവസാനവാരം, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്മോഹന് സിംഗിന്റെ വേര്‍പാട് ഭാരതത്തെ ദുഃഖത്തില്‍ ആഴ്ത്തി. അതേ മാതിരി തന്നെ മലയാളികളുടെ പ്രിയ സാഹിത്യകാരന് എം..ടി. വാസുദേവന്‍ നായരുടെ നിര്യാണവും നമ്മെ കണ്ണീരില്‍ ആഴ്ത്തി. ഞങ്ങള്‍ ന്യൂയോര്‍ക്കില്‍, JFK യില്‍ കാലുകുത്തുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍ഡ് ജിമ്മി കാര്‍ട്ടര്‍ ആയിരുന്നു. 100 വയസില്‍ ആണെങ്കിലും ആ വേര്‍പാടും കഴിഞ്ഞു പോകുന്ന 2024 ഡിസംബറിലെ ഒരു നഷ്ടമായിരുന്നു.
ഞാന്‍ ഇത്രയും എഴുതിക്കൊണ്ടിരിക്കുമ്പോള്, ഫ്ലാറ്റിലെ ജനലരികില്‍ നിന്നാല്‍ പുതുവര്‍ഷത്തിന്റെ, 2025 നെ വരവേല്‍ക്കാനുള്ള ആരവങ്ങളും വെടിക്കെട്ടുകളും കാണാം കേള്‍ക്കാം. പിന്നീട് എനിക്ക് പറയാനുള്ള ഒരു വിനീതമായ വാര്‍ത്ത ഞാന്‍ എഴുതിയ നാല് ബുക്കുകള്‍ ഏതാണ്ട് ഒരേ സമയത്ത് തന്നെ ഇവിടെ കേരളത്തില്‍ എനിക്ക് പ്രകാശനം ചെയ്യാന്‍ സാധിക്കും എന്നുള്ളതാണ്. ഒരു അമേരിക്കന്‍ മലയാളിയുടെ ജീവിത നിരീക്ഷണങ്ങള്‍, ഹൃദയത്തിന് അള്‍ത്താരയില്‍, മിന്നല്‍ പ്രണയം, പാളങ്ങള്‍, എന്നീ നാല് പുസ്തകങ്ങളാണ് ഇപ്പോള്‍ അച്ചടിയിലുള്ളത്. എല്ലാവര്ക്കും ഞങ്ങളുടെ ഹൃദ്യമായ ക്രിസ്തുമസ് നവവത്സര ആശംസകള്‍.






