
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്ന ആഗോള വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി)യെ നേരിടാൻ രാജ്യം സുസജ്ജമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐഎംസിആർ). രോഗബാധിതരായ ശിശുക്കൾക്കോ കുടുംബാംഗങ്ങൾക്കോ സമീപകാലത്തായി അന്താരാഷ്ട്ര യാത്രാ ചരിത്രമില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
ഐസിഎംആറിൽ നിന്നും ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) നിന്നും ലഭിക്കുന്ന നിലവിലെ വിവരമനുസരിച്ച് രാജ്യത്ത് ഇൻഫ്ലുവൻസ, കടുത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങൾ (Severe Acute Respiratory Illness (SARI)) എന്നിവയിലൊന്നും അസാധാരണമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐസിഎംആർ പ്രസ്താവനയിലൂടെ പറഞ്ഞു.
രണ്ട് എച്ച്എംപിവി രണ്ട് കേസുകൾ ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഐസിഎംആറിൻ്റെ പ്രസ്താവന. യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് കുട്ടികളും ബ്രോങ്കോപ്നിമോണിയ ബാധിച്ചാണ് ആശുപത്രിയിൽ അഡ്മിറ്റായത്.
