
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷാരൂഖ് ഖാനും നിര്‍മാതാവായ ഭാര്യ ഗൗരി ഖാനും. ഇരുവരും ഒന്നിച്ചുളള ഒരു പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാരൂഖ് ഖാന്‍ ഭാര്യ ഗൗരിയെ മക്കയിലെത്തിച്ച് മതം മാറ്റി എന്ന അടികുറിപ്പോടെയായിരുന്നു ചിത്രം വൈറലായത്. ഇതോടെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ വാസ്തവം അന്വേഷിക്കുകയാണ് മിക്കവരും. ഇതോടെ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങളാണിതെന്നും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് നടന്‍ ഷാരൂഖും ഗൗരിയും1991 ഒക്ടോബര്‍ 25ന് വിവാഹിതരാകുന്നത്. ഇരുവരും വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായിരുന്നെങ്കിലും പരമ്പരാഗത ഹിന്ദു രീതിയിലാണ് ഷാരൂഖ് ഗൗരിയെ വിവാഹം കഴിച്ചത്. ഇതിനു പിന്നാലെ മുസ്ലീം രീതിയിലും വിവാഹം നടന്നിരുന്നു. ആര്യന്‍, സുഹാന, അബ്രാം എന്നീ മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
ഹിന്ദു മുസ്ലീം വിശ്വാസങ്ങളെ മാനിച്ചാണ് ഇരുവരുടെയും കുടുംബജീവിതം. ഇതാണ് തങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നാണ് ഇരുവരും പറയുന്നത്. ഒരിക്കലും മതം മാറില്ലെന്നതായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന വ്യവസ്ഥയെന്ന് കോഫി വിത് കരണിന്റെ 2005ലെ എപിസോഡില്‍ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.ദീപാവലിയും ഈദും ഒരേ പോലെയാണ് ആഘോഷിക്കാറുള്ളതെന്നും ദീപാവലി ആഘോഷങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കുമ്പോള്‍ ഈദ് ആഘോഷങ്ങള്‍ക്ക് ഷാരൂഖ് മുന്‍കൈയെടുക്കുമെന്നും ഗൗരി അന്ന് വിശദീകരിച്ചിരുന്നു. പരസ്പര ബഹുമാനമാണ് വേണ്ടതെന്നും ആ ബഹുമാനം വിശ്വാസങ്ങളിലും പുലര്‍ത്താറുണ്ടെന്നും ഗൗരി വ്യക്തമാക്കി.






