
മലയാള സിനിമയെ ആകെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളും മാനസിക പീഡനങ്ങളും പലരുടെയും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തിയുമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാളികള്‍ക്ക് മുന്നിലെത്തിച്ചത്. മലയാള സിനിമാമേഖലയെയും ആരാധകരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ഇതിലെ വെളിപ്പെടുത്തലുകള്‍.
ഈ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ സിനിമാ-സീരിയല്‍ മേഖലയില്‍ നിന്നും നേരിട്ടിട്ടുള്ള ചൂഷണങ്ങള്‍ സ്ത്രീകള്‍ മടികൂടാതെ വെളിപ്പെടുത്താന്‍ തുടങ്ങി. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും പേര് സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളുടെ പേരില്‍ വലിച്ചിഴയ്ക്കപ്പെട്ടു. അവയില്‍ ചിലതൊക്കെ കാറ്റില്‍ പറന്നെങ്കിലും മറ്റ് ചിലതൊക്കെ ഇന്നും ഉത്തരം നേടാനാവാതെ നില്‍ക്കുകയാണ്. എല്ലാത്തിലും എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
എന്നാല്‍ സീരിയല്‍ മേഖലയിലെ മുൻനിര താരങ്ങള്‍ക്കെതിരെ ഒന്നും ആരും രംഗത്തെത്തിയിരുന്നില്ല. അതിനിടയിലാണ് രണ്ടാഴ്ച മുമ്പ് കുടുംബപ്രേക്ഷകരെ എല്ലാം ഞെട്ടിച്ചുകൊണ്ട് ഉപ്പും മുളകും താരങ്ങളായ എസ്.പി ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ ലൈംഗികാതിക്രമ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചക്കപ്പഴം, ഉപ്പും മുളകും എന്നീ സിറ്റ്കോമുകളിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ് ബിജു സോപാനവും എസ്.പി ശ്രീകുമാറും. കുടുംബപ്രേക്ഷകരാണ് ഇവരുടെ ആരാധകരില്‍ ഏറെയും. ഈ വാര്‍ത്ത അതുകൊണ്ട് തന്നെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ പരാതി. ബിജു സോപാനം, എസ്.പി ശ്രീകുമാർ എന്നിവർക്കെതിരേ ഇൻഫോപാർക്ക് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതില്‍ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറഞ്ഞത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് റിപ്പോർട്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുന്നുവെന്നാണ് വിവരം. ആദ്യമായാണ് ഇരുവർക്കും എതിരെ ഇത്തരമൊരു ആരോപണം ഉണ്ടാകുന്നത്. കേസും വിവാദവും വന്നശേഷം ഇരുവരും മൗനമായിരുന്നു. ആരോപണം തള്ളികൊണ്ടോ സ്വന്തം ഭാഗം വിശദീകരിച്ചുകൊണ്ടോ ഒന്നും തന്നെ രംഗത്തെത്തിയിരുന്നില്ല. ഭർത്താവ് എസ്.പി ശ്രീകുമാറിന് എതിരെ ആരോപണം വന്നപ്പോള്‍ ഭാര്യയും നടിയുമായ സ്നേഹ ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എപ്പോഴും ഭർത്താവിനെ പിന്തുണച്ച് നില്‍ക്കുമെന്നും പറയാതെ പറയുന്ന തരത്തിലുള്ള പോസ്റ്റുമായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരുന്നു..
ഇപ്പോഴിതാ കേസും വിവാദവുമെല്ലാം ഒന്ന് കെട്ടടങ്ങിയ സാഹചര്യത്തില്‍ ആദ്യമായി ഒരു പോസ്റ്റ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് എസ്.പി ശ്രീകുമാർ. ഭാര്യ സ്നേഹയ്ക്കൊപ്പമുള്ള കപ്പിള്‍ ഫോട്ടോ പങ്കുവെച്ച് ‘‘ഞങ്ങള്‍...’’ എന്ന് ശ്രീകുമാര്‍ കുറിച്ചു. ഒപ്പം ഭാര്യയെ ടാഗ് ചെയ്യുകയും ചെയ്തു. എന്റെ ശക്തി, എന്റെ പെണ്ണ്, സ്ട്രോങ്ങ് ഫാമിലി എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും ഒപ്പമുണ്ടായിരുന്നു. എല്ലാവരും കുറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും ചെയ്തപ്പോള്‍ തന്നെ മനസിലാക്കി വിശ്വസിച്ച് ഒപ്പം നിന്നതും നില്ക്കുന്നതും ഭാര്യ സ്നേഹയാണെന്ന് ശ്രീകുമാർ ഈ പോസ്റ്റിലൂടെ പറയാതെ പറഞ്ഞു.
പോസ്റ്റിനു താഴെ എല്ലാ പ്രതിസന്ധിയിലും പരസ്പരം താങ്ങായും തണലായും നില്ക്കുന്ന ഇരുവരോടുള്ളമുള്ള സ്നേഹം അറിയിച്ച് സിനിമ, സീരിയല്‍ താരങ്ങളെല്ലാം കമന്റുകള്‍ കുറിച്ചിട്ടുണ്ട്. ചുവന്ന ഹാർട്ട് ഷെയ്പ്പിലുള്ള ഇമോജികളാണ് സ്നേഹയുടേയും ശ്രീകുമാറിന്റെയും കപ്പിള്‍ ഫോട്ടോയ്ക്ക് കമന്റായി നടി വീണ നായർ കുറിച്ചത്. സുരഭി ലക്ഷ്മി, നടി വരദ, നടി ശ്രുതി രജനികാന്ത് തുടങ്ങിയവരും ചിത്രത്തിന് സ്നേഹം അറിയിച്ച് എത്തി.
എന്നാല്‍ സ്നേഹ ഭർത്താവിനെ വെളുപ്പിക്കാൻ ശ്രമിക്കുകയാണെന്ന തരത്തിലുള്ള കമന്റുകള്‍ വരുന്നുണ്ട്. ശ്രീകുമാറിന്റെ പേരില്‍ ലൈംഗികാതിക്രമ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സ്നേഹയ്ക്ക് വലിയ രീതിയില്‍ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു
ഇരുവരും ഒരുമിച്ച് മറിമായം സീരിയലില്‍ അഭിനയിച്ചപ്പോഴുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. ഇവര്‍ക്ക് കേദാര്‍ എന്നൊരു ആണ്‍കുഞ്ഞുമുണ്ട്. ചാനല്‍ ഷോകളിലൂടെയും മിനി സ്ക്രീന്‍ പരമ്പരകളിലൂടെയും അഭിനയത്തിലേക്ക് എത്തിയ ശ്രീകുമാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ‘മെമ്മറീസ്’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ്.






