
രണ്ടാമത്തെ കുഞ്ഞും നഷ്ടമായതോടെ 136 കിലോ ഭാരമുള്ള കുഞ്ഞിനെയുമായി കടലിൽ അലഞ്ഞ് തിരിഞ്ഞ് കൊലയാളി തിമിംഗലം. തഹ്ലെക്വാ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജെ 35 എന്ന കൊലയാളി തിമിംഗലമാണ് കുഞ്ഞുമായി അമേരിക്കയിലെ വാഷിംഗ്ടണിന് തെക്ക് പടിഞ്ഞാറൻ മേഖലയിൽ കാണപ്പെട്ടത്. 2018ൽ സമാന രീതിയിൽ കുഞ്ഞിന്റെ മൃതദേഹവുമായി 17 ദിവസമാണ് ഇതേ കൊലയാളി തിമിംഗലം 1600 കിലോമീറ്റർ ദൂരം സഞ്ചരിച്ചത്.
2024 ഡിസംബർ 20 നാണ് തഹ്ലെക്വായ്ക്ക് പുതിയ കുഞ്ഞ് ജനിച്ചതായി ഗവേഷകർ സൂചിപ്പിച്ചത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെരിക് അഡ്മിനിസ്ട്രേഷൻ ഡിസംബർ 23ന് ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാൽ പുതുവർഷ തലേന്ന് ജെ 61 എന്ന് പേര് നൽകിയ ഈ കുഞ്ഞ് മരണപ്പെടുകയായിരുന്നു.
അന്ന് മുതൽ കുഞ്ഞിന്റെ മൃതദേഹവുമായി കടലിൽ വിവിധ ഇടങ്ങളിലാണ് തഹ്ലെക്വായെ ഗവേഷകർ കണ്ടെത്തിയത്. തുടക്കത്തിൽ മറ്റ് ചില കൊലയാളി തിമിംഗലങ്ങളേയും തഹ്ലെക്വായ്ക്ക് ഒപ്പം കണ്ടിരുന്നുവെങ്കിലും നിലവിൽ കുഞ്ഞിന്റെ മൃതദേഹവുമായി തഹ്ലെക്വാ തനിച്ചാണ് സഞ്ചരിക്കുന്നത്. തലയുടെ മുൻഭാഗം കൊണ്ട് ജെ 61ന്റെ മൃതദേഹം ഉന്തിയാണ് തഹ്ലെക്വാ നീന്തുന്നത്.






